തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സിപിഎം, രാജീവും സ്വരാജും നയിക്കും

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തയ്യാറെടുത്ത് സിപിഎം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കേന്ദ്രകമ്മറ്റി അംഗം പി.രാജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് എന്നിവര്‍ക്കാകും മണ്ഡലത്തിലെ മേല്‍നോട്ട ചുമതലകള്‍.

തൃക്കാക്കരയിലെ സീറ്റിലൂടെ നിയമസഭയിലെ തങ്ങളുടെ പ്രാതിനിധ്യം നൂറാക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. മണ്ഡലം പിടിച്ചെടുക്കുന്നതിന് വേണ്ടി പാര്‍ട്ടി സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് സംസ്ഥാന നേതൃത്വം കീഴ് ഘടകങ്ങള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ സാധിക്കുന്ന തരത്തിലാണ് സിപിഎമ്മിന്റെ തയ്യാറെടുപ്പ്. 27ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന കമ്മിറ്റിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് സൂചനകള്‍ ലഭിച്ചേക്കാം. ഇതേ ദിവസം തൃക്കാക്കരയില്‍ ബൂത്ത് സെക്രട്ടറിമരുടെ യോഗവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.തൃക്കാക്കരയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അതേ സമയം ഉപതിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസും തയ്യാറെടുക്കുകയാണ്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഈ മാസം 29ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവരടക്കമുള്ളവര്‍ എറണാകുളത്ത് യോഗം ചേരും.