ക​ഞ്ചി​ക്കോ​ട്ട് മൂ​ന്നു ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ച നി​ല​യി​ൽ; കൊലപാതകം ആണെന്ന് ആരോപണവുമായി സുഹൃത്തുക്കള്‍

Advertisement

കഞ്ചിക്കോട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ അരവിന്ദ് കുമാര്‍(23), ഹരിയോം കുനാല്‍(29),കനായി വിശ്വകര്‍മ(21) എന്നിവരാണ് മരിച്ചത്.

കഞ്ചിക്കോട് ഐഐടിക്ക് സമീപമുള്ള ട്രാക്കില്‍ തിങ്കളാഴ്ച രാത്രി 10.30-ടെയാണ് ഇവരെ കണ്ടെത്തിയത്. ഹരിയോം കുനാല്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ച നിലയിലായിരുന്നു. ബാക്കി രണ്ട് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

എന്നാല്‍ സംഭവം കൊലപാതകം ആണെന്ന് ആരോപിച്ച് ഇവരുടെ സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ കൊണ്ടു പോകാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു. അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സും തൊഴിലാളികള്‍ അടിച്ച് തകര്‍ത്തു. ആറ് അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.