കനത്തമഴയിലും ഉരുള്‍പൊട്ടലിലും നാല് മരണം ; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്തമഴയിലും ഉരുള്‍പൊട്ടലിലുമായി ഇന്ന്  നാല് മരണം. രണ്ടര വയസുകാരി ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. കോട്ടയത്തും കണ്ണൂരിലുമായാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം ഒമ്പതായി. കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ള പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടര വയസുകാരി തസ്ലീന, താഴെ വെളളറയിലെ രാജേഷ് എന്നിവരുടെ മൃതദേഹം ഇന്ന് കണ്ടെത്തി.

കാണാതായ മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ഇവരെ കാണാതായത്. കോട്ടയത്ത് ഴുക്കില്‍ പെട്ട കൂട്ടിക്കല്‍ സ്വദേശി റിയാസിന്റെ മൃതദേഹം കൂട്ടിക്കല്‍ ചപ്പാത്തിന് സമീപം കണ്ടെത്തി. ഇന്നലെ ഇയാള്‍ ഒഴുക്കില്‍പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ഇന്നലെ കോതമംഗലം കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ വനത്തിനുള്ളിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി. പശുവിനെ അഴിക്കാൻ വനത്തിലേക്ക് പോയ പൗലോസ് എന്നയാളുടെ മൃതദേഹം കണ്ടെത്തി. മരത്തിന്റെ കമ്പ് ഒടിഞ്ഞ് വീണ് തലയിൽ വീണാണ് പൗലോസ് മരിച്ചത്.

കണ്ണൂരില്‍ നാലിടത്തും കോട്ടയം തീക്കോയിയിലും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. കാഞ്ഞിരപ്പള്ളി കരിമ്പുകയം ക്രോസ് വേയിലും നിരവധി വീടുകളിലും വെള്ളം കയറി. മുണ്ടക്കയം കൂട്ടിക്കല്‍ ടൗണുകളില്‍ കടകളില്‍ വെള്ളം കയറി വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 55 കീ.മി വരെ വേഗത്തല്‍ കാറ്റു വീശാനും സാധ്യതയുണട്്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

എട്ടു ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അവധി. മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ആറ് ക്യാമ്പുകള്‍ തുറന്നു. 40 കുടുംബങ്ങളിലെ 105 പേരെ മാറ്റിപ്പാര്‍പ്പിച്ചു.