ക്രിമിനല്‍ കേസുള്ളവര്‍ക്കും വിദേശത്തു പോകാം; പ്രത്യേക അനുമതി നല്‍കി ഹൈക്കോടതി

ക്രിമിനല്‍ കേസ് നിലനില്‍ക്കെ വിദേശത്ത് പോകാന്‍ അനുമതി നല്‍കി ഹൈക്കോടതി. പത്തനംതിട്ട സ്വദേശിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കോടതി ആവശ്യപ്പെടുമ്പോള്‍ തിരിച്ചെത്തണമെന്നും കോടതി പറഞ്ഞു.

ഗാര്‍ഹിക പീഡന കേസുള്ള പത്തനംതിട്ട സ്വദേശിയുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹര്‍ജിക്കാരന്റെ കേസില്‍ പത്തനം തിട്ട കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. ജാമ്യത്തിലിറങ്ങിയ ഹര്‍ജിക്കാരന് വിദേശത്തെ ജോലിയുടെ വിസാ കാലാവധി അവസാനിക്കാറായെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. വിദേശത്ത് പോകാനാകാത്ത പക്ഷം തന്റെ ജോലി നഷ്ടപ്പെടുത്തുമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

ഈ സാഹചര്യത്തിലാണ് കോടതി ജോലിക്ക് പോകാന്‍ തടസമില്ലെന്നും എത് അവസരത്തിലും കോടതിയില്‍ ഹാജരാകാമെന്ന് സത്യവാങ്മൂലം നല്‍കണം, കേസില്‍ അഭിഭാഷകന്‍ ആരാണെന്നും കോടതിയെ വ്യക്തമായി അറിയിക്കണമെന്നും ഈ വിധിയോട് കൂടി പറഞ്ഞു. നിരവധി പ്രവാസികളാണ് ക്രിമിനല്‍ കേസുകളില്‍ പെട്ട് വിദേശത്ത് പോകാനാകാതെ നില്‍ക്കുന്നത്. ഹൈക്കോടതിയുടെ ഈ വിധിയോടെ പ്രവാസികള്‍ക്ക് ആശ്വാസമാകുകയാണ്.