കീറപ്പായില്‍ പട്ടിണികിടന്ന് മരിക്കാനുള്ളവരല്ല മലയാളികളെന്ന് കേന്ദ്രം ഭരിക്കുന്നവര്‍ മനസിലാക്കണം: ഇ.പി ജയരാജന്‍

കീറപ്പായില്‍ പട്ടിണികിടന്ന് മരിക്കാനുള്ളവരല്ല മലയാളികളെന്ന് കേന്ദ്രം ഭരിക്കുന്നവര്‍ മനസിലാക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കിഫ്ബി മുഖേന സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെ തകര്‍ക്കാനാണ് ഇഡിയെ ഉപയോഗിച്ചുള്ള ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് അവര്‍ക്ക് മുദ്രാവാക്യം വിളിക്കുന്നവര്‍ മനസിലാക്കണം. കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിച്ച റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്കും സ്‌കൂളില്‍ മക്കളെ പഠിപ്പിക്കുന്നവര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നീക്കത്തിനെതിരെ പ്രതികരിക്കാനാകണം.

ശാസ്ത്രം വളരുമ്പോഴും പുതിയ തലമുറയെ അന്ധവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും തള്ളിവിടുന്നതാണ് കേന്ദ്ര വിദ്യാഭ്യാസ നയം. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ വിദ്യാഭ്യാസ രംഗത്ത് കൈകടത്തുന്നു. പഴയ സാമൂഹ്യഘടനയിലേക്ക് സമൂഹത്തെ തിരികെ കൊണ്ടുപോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, കേരള സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ക്ക് ശക്തി പകരുക, ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, വിദ്യാകിരണം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെഎസ്ടിഎ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.