എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ്എതിരെ തോമസ് ഐസക് ഹൈക്കോടതിയില്‍

കിഫ്ബി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മുന്‍ ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഇഡി തനിക്ക് അയച്ച സമന്‍സ് പിന്‍വലിക്കണമെന്നും , തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. ഐസകിനോടൊപ്പം അഞ്ച് സി പി എം എം എല്‍ എ മാരും ഇ ഡി ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇഡി തനിക്കയച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഐസക്ക് ആരോപിക്കുന്നു. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്താണെന്ന് നിര്‍വചിച്ചിട്ടില്ല. ഇഡിയുടെ സമന്‍സുകള്‍ നിയമവിരുദ്ധമാണെന്നും കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും തോമസ് ഐസകിന്റെ ഹര്‍ജിയില്‍ ഉണ്ട്. കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ഇഡി ആദ്യം വ്യക്തമാക്കണമെന്നും തോമസ് ഐസക് വ്യക്തമാക്കി. സര്‍ക്കാര്‍ പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നും കിഫ്ബിക്കെതിരായ ഇഡി നീക്കം ഇതിന്റെ ഭാഗമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ നാളെ ഹാജരാകില്ലെന്ന തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തിന് ഹാജരാകണം എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഇഡിക്ക് മറുപടി നല്‍കിയിട്ടുണ്ട്. കിഫ്ബി രേഖകളുടെ കസ്റ്റോഡിയനല്ലെന്നും ഇ മെയില്‍ മുഖേന സമര്‍പ്പിച്ച മറുപടിയില്‍ തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഐസകിന് നേരത്തെ നിയമോപദേശം കിട്ടിയിരുന്നു.