'മനോരമയുടെ ഈ വൈരാഗ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ മേയര്‍ ആര്യ

‘ഈ വര്‍ഷം മരാമത്ത് പണികള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുക്കില്ലെന്ന’ മലയാള മനോരമ വാര്‍ത്ത കെട്ടിച്ചമച്ചതും വസ്തുതകളെ വളച്ചൊടിക്കുന്നതുമാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും മാത്രമാണെന്നും മനോരമയുടെ ഈ വൈരാഗ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ആര്യ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ആര്യ രാജേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്….

മനോരമ വാര്‍ത്ത കെട്ടിച്ചമച്ചതും വസ്തുതകളെ വളച്ചൊടിക്കുന്നതും

ഈ വര്‍ഷം മരാമത്ത് പണികള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുക്കില്ല എന്ന തലക്കെട്ടില്‍ ഇന്ന് മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും മാത്രമാണ്.

67 കോടി രൂപ സര്‍ക്കാര്‍ ഇപ്പോള്‍ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചു എന്നത് വസ്തുത തന്നെയാണ്. അതില്‍ 10 കോടി രൂപയോളം നഗരസഭയ്ക്ക് കൈമാറി കിട്ടിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മെയ്ന്റനന്‍സ് ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളുടെ ചിലവിലേക്കാണ്. ബാക്കി വരുന്ന 57 കോടി രൂപയില്‍ നിന്നാണ് 100 വാര്‍ഡുകളിലെയും തെരുവ് വിളക്ക് ഉള്‍പ്പെടെയുള്ള വൈദ്യുതി ആവശ്യങ്ങള്‍ക്കും, കുടിവെള്ള വിതരണത്തിനും നിക്ഷേപമായി ബന്ധപ്പെട്ട വകുപ്പിന് നല്‍കുന്നത്, അത് കൃത്യമായി നടന്നില്ലെങ്കില്‍ ഇക്കാര്യങ്ങളില്‍ പരാതികള്‍ക്ക് ഇടയാക്കും എന്നത് മനോരമയ്ക്ക് അറിവില്ലാത്തതല്ല. തെരുവ് വിളക്ക് കത്താതിരുന്നാല്ലോ, കുടിവെള്ള വിതരണം തടസപ്പെട്ടാലോ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് മനോരമയ്ക്ക് ബാധകമല്ലെങ്കിലും ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണസമിതിയ്ക്ക് അത് കാണാതിരിക്കാനാവില്ല. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,വനിത – ശിശുക്ഷേമ മേഖല,വയോജന മേഖല ഉള്‍പ്പെടെയുള്ള മുന്‍ഗണന നല്‍കേണ്ട മേഖലകളില്‍ പദ്ധതികള്‍ തയ്യാറാക്കി ഫണ്ട് അനുവദിച്ചിട്ടുണ്ട്.

മരാമത്ത് പണികളുടെ കാര്യത്തില്‍ നിലവില്‍ തുടങ്ങി വച്ച പ്രവര്‍ത്തികള്‍ പൂര്‍ത്തീകരണത്തിലേയ്ക്ക് നീങ്ങുന്ന ഘട്ടമാണ്. മാത്രമല്ല ഫെബ്രുവരിയില്‍ അടുത്ത വര്‍ഷത്തെ പദ്ധതി സമര്‍പ്പിക്കേണ്ടതുമുണ്ട്. അതില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ പ്രവൃത്തികള്‍ ആരംഭിക്കാവുന്നതേയുള്ളു. ഇപ്പോള്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുക്കുന്നത് മൂലം ഉണ്ടാകുന്നത് ഗുണനിലവാര തകര്‍ച്ചയും, അഴിമതി നടക്കാനുള്ള സാധ്യതയുമാണ് . സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 2 മാസമേയുള്ളു എന്ന് ഈ വാര്‍ത്തയില്‍ മനോരമ തന്നെ പറയുന്നുണ്ട്. 2 മാസത്തിനുള്ളില്‍ എസ്റ്റിമേഷനും, ടെന്ററിംഗും പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ ആരംഭിക്കാന്‍ പോലും കഴിയില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണ്. ഫണ്ട് ചിലവഴിച്ച് തീര്‍ക്കലല്ല, ചിലവാക്കുന്ന പണത്തിന് അനുസൃതമായ ഗുണനിലവാരം പ്രവര്‍ത്തികള്‍ക്ക് ഉണ്ടാവുകയും വേണം, പ്രത്യകിച്ച് റോഡുള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ അത് ഉറപ്പിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിനും നഗരസഭയ്ക്കും ഉള്ളത്.

2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുമായി ഇതിനെ കൂട്ടിക്കുഴക്കേണ്ടതില്ല. കാരണം ഇപ്പോള്‍ അനുവദിച്ച 67 കോടിരൂപയ്ക്ക് തനതായി തന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതാണ്. ഇതെല്ലാം നഗരസഭാ കൗണ്‍സില്‍ ഏകകണ്ഠമായി പാസാക്കിയതുമാണ്. കൗണ്‍സിലര്‍മാര്‍ക്ക് ഇതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ ബോധ്യമുള്ളത് കൊണ്ടാണ് എല്ലാവരും ഇക്കാര്യത്തില്‍ ഭരണസമിതിയുടെ നിര്‍ദ്ദേശത്തെ പിന്താങ്ങിയത്. സുതാര്യമായും ജനങ്ങളുടെ അടിയന്തിരാവശ്യങ്ങളുടെ അടിസ്ഥാനത്തിലും ഭരണനടപടികള്‍ മുന്നോട്ട് കൊണ്ട് പോകുന്ന ഭരണസമിതിയ്ക്കെതിരായ വിവിധ നുണരചനകളില്‍ അവസാനത്തേത് മാത്രമാണ് ഇന്നത്തെ വാര്‍ത്ത. ഇ വിശദീകരണത്തോടെ ഇത് അവസാനിക്കും എന്ന വ്യാമോഹമൊന്നും നഗരസഭയ്ക്കില്ല. കാരണം മനോരമയുടെ ഈ വൈരാഗ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് എന്നത് തന്നെ, അതുകൊണ്ട് ഈ വിശദീകരണ കുറിപ്പ് മനോരമ വായിച്ച് വഞ്ചിതരാകാനിടയുള്ള പൊതുജനങ്ങളുടെ അറിവിലേക്ക് വേണ്ടിയാണ്. ജനങ്ങളോടാണ് ഞങ്ങള്‍ക്ക് ബാധ്യത.