കരിങ്കല്ലിനെക്കാള്‍ കഠിനഹൃദയമുള്ളവരാണ് കല്ലിടാന്‍ നിര്‍ദ്ദേശിക്കുന്നത്, ഉദ്യോഗസ്ഥര്‍ പിന്മാറണമെന്ന് തിരുവഞ്ചൂര്‍

സില്‍വര്‍ ലൈന്‍ കല്ലിടലില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ജനങ്ങളെ ഉപദ്രവിക്കാതെ മടങ്ങി പോകണം. ഒരു ലക്ഷം രൂപ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരാണ് സര്‍വേയ്ക്ക് എത്തുന്നത്. ഇവിടെ പ്രതിഷേധക്കാര്‍ രാവിലെ കഞ്ഞി പോലും കുടിക്കാതെയാണ് അവരുടെ എതിര്‍പ്പ് അറിയിക്കാന്‍ എത്തിയിരിക്കുന്നത്. ജനങ്ങള്‍ പട്ടിണിയിലാണ്. പൊലീസുകാര്‍ ജനപക്ഷത്ത് നില്‍ക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയം നട്ടാശ്ശേരിയിലെ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ യുദ്ധം ഒന്നും നടക്കുന്നില്ലല്ലോ. റോഡുകള്‍ മുഴുവന്‍ തടഞ്ഞിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ നികുതി പണം കൊണ്ടാണ് ശമ്പളം വാങ്ങുന്നത്. പാവപ്പെട്ട ജനങ്ങളെ ഉപദ്രവിക്കാതെ അവര്‍ തിരികെ പോകണം. ഒരു ഉത്തരവും ഇല്ലാതെ വീടിനുള്ളില്‍ കയറി കല്ലിടുകയാണ്. അടുക്കളയില്‍ വരെ കയറി കല്ലിട്ടുകൊണ്ടുള്ള ഈ പദ്ധതി വേണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്. കല്ലിനേക്കാള്‍ കടുപ്പമുള്ള ഹൃദയമുള്ളവരാണ് കല്ലിടാന്‍ നിര്‍ദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇട്ട കല്ലുകള്‍ നാട്ടുകാര്‍ എടുത്ത് കളയണം.

പൊലീസുകാര്‍ ജനപക്ഷത്ത് നില്‍ക്കണം. തെറ്റായ പ്രവര്‍ത്തനത്തിന് അവര്‍ നേതൃത്വം കൊടുക്കരുത്. സംഘര്‍ഷമുണ്ടാക്കാതെ പൊലീസ് മടങ്ങിപ്പോയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് തിരുവഞ്ചൂര്‍ മുന്നറിയിപ്പ് നല്‍കി.

സില്‍ലര്‍ ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാനമെങ്ങും ഇന്നും കനത്ത പ്രതിഷേധം നടക്കുകയാണ്. നട്ടാശേരിയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. രാവിലെ എട്ടരയോടെ ഉദ്യോഗസ്ഥര്‍ വലിയ പൊലീസ് സന്നാഹത്തോടെയാണ് കല്ലിടാനായി എത്തിയത്. ജനപ്രതിനിധികള്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയലെങ്കിലും പൊലീസ് കടത്തി വിട്ടില്ല. നാട്ടുകാരേയും, നഗരസഭ കൗണ്‍സിലറേയും പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന സര്‍വേ കല്ലുകള്‍ പ്രതിഷേധക്കാര്‍ എടുത്തുമാറ്റി. കല്ലുകള്‍ സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ പ്രതിഷേധക്കാര്‍ അതെടുത്ത് വലിച്ചെറിഞ്ഞു. സ്ത്രീകളടക്കം നിരവധി പേരാണ് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടയാനെത്തിയത്. ഇതോടെ നാട്ടുകാരെ തടയാന്‍ പൊലീസും രംഗത്തെത്തിയതോടെ പ്രതിഷേധമലയടിച്ചു.