തിരുവനന്തപുരം ലുലുവിന് മുന്നില്‍ പ്രതിഷേധം; ജീവനക്കാരെ തടഞ്ഞ് സമരക്കാര്‍

ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ സമരക്കാരുടെ പ്രതിഷേധം. മാളില്‍ എത്തിയ ജീവനക്കാരെ ഗേറ്റിന് മുന്നില്‍ തടഞ്ഞുവച്ചു. മാള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് സമരക്കാര്‍ പറഞ്ഞു. മാള്‍ തുറന്ന് പ്രവര്‍ത്തിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സമരാനുകൂലികള്‍ പ്രതിഷേധവുമായി എത്തിയത്.

ജോലിക്ക് എത്തണമെന്ന് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാള്‍ ജീവനക്കാര്‍ ഇന്ന് എത്തിയത്. എന്നാല്‍ ജീവനക്കാര്‍ ജോലിക്ക് കയറരുതെന്ന് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഗേറ്റിന് പുറത്ത് നില്‍ക്കുന്ന ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കാനാണ് നിര്‍ദ്ദേശം. പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് ഉള്ളത്. ജീവനക്കാരോട് തിരികെ പോകാന്‍ പൊലീസ് അറിയിച്ചു.

ഗേറ്റിന് പുറത്ത് സമരക്കാര്‍ കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ്. വൈകിട്ട് വരെ ലുലുവിന് മുന്നില്‍ തുടരുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ദ്വിദിന പണിമുടക്കിലെ ഇളവുകള്‍ നല്‍കിയ കൂട്ടത്തില്‍ ലുലുമാള്‍ ഉള്‍പ്പെട്ടത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് കടകള്‍ തുറന്ന പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കോഴിക്കോട് കാരന്തൂര്‍, കുന്ദമംഗലം, അണ്ടിക്കോട് എന്നിവിടങ്ങളിലെ കടകള്‍ സമരാനുകൂലികള്‍ അടപ്പിച്ചു. ഉള്ളൂരിലെ പെട്രോള്‍ പമ്പ് ഉള്‍പ്പടെ അടപ്പിച്ചു.