സദാചാര ഗുണ്ടായിസം; തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി രാധാകൃഷ്ണന്‍ റിമാന്‍ഡില്‍

മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് സദാചാര ഗുണ്ടായിസം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.  അറസ്റ്റിന് പിന്നാലെ കേരള കൌമുദി ജീവനക്കാരനായ രാധാകൃഷ്ണനെ സ്ഥാപനത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

വീട്ടിൽ കയറി സദാചാര ഗുണ്ടായിസം കാണിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ ഇന്നലെ പേട്ട എസ്.ഐയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പശ്ചാത്തലത്തില്‍ ഇയാളെ വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാധാകൃഷ്ണന്‍ ജോലി ചെയ്തിരുന്ന സ്ഥാപനവും അച്ചടക്ക നടപടി സ്വീകരിച്ചത്. രാധാകൃഷ്ണന്റെ സഹപ്രവര്‍ത്തക കൂടിയായ പരാതിക്കാരിയുടെ ഗുരുതരമായ ആരോപണങ്ങളില്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ കേരള കൌമുദി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറുപടി നല്‍കിയില്ല.
കുറ്റാരോപിതന് ഒരു വിശദീകരണവും തരാനില്ലെന്ന് കണക്കാക്കിയാണ് അനിശ്ചിതകാലത്തേക്ക് സസ്പെന്‍‍ഡ് ചെയ്തത്. കേസ് ചുമത്തിയെങ്കിലും ഇന്നലെ പ്രസ് ക്ലബ്ബിൽ വനിതാ മാധ്യമ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന് ഒടുവിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പ്രസ് ക്ലബ് മാനേജ്മെന്റ് കമ്മിറ്റി ചേർന്നെങ്കിലും രാധാകൃഷ്ണനെതിരെ ഒരു നടപടിക്കും തയ്യാറായില്ല. പ്രസ് ക്ലബ്ബിൽ നിന്ന് രാധാകൃഷ്ണനെ പുറത്താക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് വനിതാ മാധ്യമ പ്രവർത്തകരുടെ നിലപാട്.