കേരളത്തിൽ കോവിഡ് വ്യാപനം കൂടുന്നു; തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തത്കാലം തുറക്കില്ല

നിയന്ത്രണങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തത്കാലം തുറക്കില്ലെന്ന് ജമാഅത് പരിപാലന സമിതി അറിയിച്ചു. ഇവിടെ ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്.

ഇത്തരമൊരു സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടായതു കൊണ്ടാണ് ജുമാ മസ്ജിദ് തത്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ജമാഅത് പരിപാലന സമിതി പറഞ്ഞു.

നേരത്തെ സംസ്ഥാനത്ത് ജൂണ്‍ 8- ന് ആരാധനാലയങ്ങള്‍ തുറക്കുന്നതോടെ നടപ്പിലാക്കേണ്ട നടപടിക്രമങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. ഏറ്റവും കൂടിയ കോവിഡ് വ്യാപന കണക്ക് പുറത്ത് വരുമ്പോള്‍ തന്നെയാണ് ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളുമെല്ലാം തുറക്കാന്‍ തീരുമാനിക്കുന്നത്.