തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറി

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറി. വിമാനത്താവളം ഏറ്റെടുത്തു കൊണ്ടുള്ള കൈമാറ്റ കരാർ അദാനി ഗ്രൂപ്പ് ഒപ്പിട്ടു. എയർപോർട്ട് ഡയറക്ടർ സി രവീന്ദ്രനിൽ നിന്ന് അദാനി ഗ്രൂപ്പിന് വേണ്ടി ജി മധുസൂധന റാവു കരാർ രേഖകൾ ഏറ്റുവാങ്ങി. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനും പരിപാലന ചുമതലയ്ക്കുമുള്ള കരാര്‍ അടുത്ത 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. കരാർ ഒപ്പിടത്തിന് ശേഷം ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എയർപോർട്ട് പൂര്‍ണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരും എന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാവും വിമാനത്താവളത്തിന്റെ നടത്തിപ്പ്. ഏറ്റെടുക്കലിനു മുമ്പായി ഇന്നലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അദാനി ഗ്രൂപ്പ് പ്രത്യേക പൂജ നടത്തിയിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു. താരതമ്യേന യാത്രക്കാർ കുറവായ തിരുവനന്തപുരത്തേക്ക് പരമാവധി വിമാനങ്ങള്‍ എത്തിക്കാനാകും അദാനിയുടെ ശ്രമം.

വിമാനത്താവളം ഏറ്റെടുക്കലിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതിയിൽ പരിഗണിക്കാനിരിക്കെയാണ് കൈമാറ്റം. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്. ഹർജിയിൽ തീർപ്പാകുന്നതിനു മുമ്പേ വിമാനത്താവളം കൈമാറുന്നതിൽ എൽ.ഡി.എഫ് സർക്കാരിന് കടുത്ത അതൃപ്തിയാണുള്ളത്. ഇന്നലെ രാത്രി ബിനോയ്‌ വിശ്വം എം.പിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിന് മുന്നിൽ പ്രതിഷേധിച്ചു.

നിലവിലുള്ള ജീവനക്കാരെ മൂന്ന് വർഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനിയുടെ തീരുമാനം. വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാർക്ക് എയര്‍പോര്‍ട്ട് അതോറിററിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടി വരും. നേരത്തെ ഉണ്ടായിരുന്ന വിമാനത്താവള വികസന അതോറിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്. സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റിൽ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടില്ലെങ്കിലും തടസ്സമുണ്ടാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തല്‍. വിമാത്താവളത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തിന് ഇത് ബാധകമാകില്ല.