തിരുവനന്തപുരത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, കൊലപാതകമെന്ന് സംശയം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട വഴയില സ്വദേശി അജയ്കുമാറിന്റെ മൃതദേഹമാണ്് കണ്ടെത്തിയത്. 66 വയസായിരുന്നു.മണ്ണാന്‍മൂല ഇരുമ്പനത്ത് ലൈനിലെ പറമ്പില്‍ നിന്നാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍.

മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞിട്ടില്ല. പുഴുവരിച്ച നിലയിലുള്ള മൃതദേഹം രാവിലെ പ്രദേശവാസികളാണ് കണ്ടത്. പറമ്പ് വൃത്തിയാക്കാനായി പ്രദേശവാസിയായ ആള്‍ എത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇതി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കൊലപാതകമാണെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെങ്ങിന്റെ ഓലയും കത്തിക്കരിഞ്ഞ് കിടക്കുന്നുണ്ട്. എന്നാല്‍ അടുത്തൊന്നും തെങ്ങുകള്‍ ഇല്ല.

മടത്തുവിളാകം, മണികണ്‌ഠേശ്വരം വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് അജയ്കുമാര്‍. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്നു താമസം. അഞ്ചു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു എന്നാണ് വിവരം.