മുപ്പതോളം ആളുകള്‍ വളഞ്ഞിട്ട് ആക്രമിച്ചു, കഴുത്തില്‍ കത്തിവെച്ച് പാര്‍ട്ടി നേതാക്കളുടെ പേര് പറയിച്ചു: മര്‍ദ്ദനമേറ്റ ജിഷ്ണുരാജ്‌

കോഴിക്കോട് ബാലുശ്ശേരിയില്‍ തന്നെ മുപ്പതംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ സിപിഎം പ്രവര്‍ത്തകന്‍ ജിഷ്ണുരാജ്. തന്റെ പിറന്നാള്‍ ആണിന്ന്. സുഹൃത്തിനൊപ്പം മടങ്ങുന്നതിനിടെയില്‍ ലീഗിന്റെയും എസ്ഡിപിഐയുടെയും സംഘം ഒരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു. പോസ്റ്റര്‍ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദിച്ചതെന്നും ജിഷ്ണു പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പോസ്റ്റര്‍ കീറുന്നത് ആരാണെന്ന് ചോദിച്ചപ്പോള്‍ അത് ആരാണ് ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞു. അറിയില്ലെങ്കില്‍ പറഞ്ഞു തരാം, നിന്റെ പാര്‍ട്ടി നേതാക്കളും ബ്രാഞ്ച് സെക്രട്ടറിയുമാണ് കീറിയതെന്നും ആക്രമികള്‍ പറഞ്ഞു. വീഡിയോ ഓണ്‍ ചെയ്യുമ്പോള്‍ ഇങ്ങനെ തന്നെ പറയണമെന്നും ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ വയലിലെ ചളിയിലേക്ക് തല പിടിച്ച് താഴ്ത്തിയെന്നും പിന്നീട് കഴുത്തില്‍ കത്തി വച്ച് പാര്‍ട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചുവെന്നും ജിഷ്ണു പറഞ്ഞു.

എസ്ഡിപിഐ, ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. അവര്‍ കയ്യിലും കാലിനും തലക്കും കല്ലുകൊണ്ട് അടിച്ചു. പൊലീസെത്തി മോചിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ പൊലീസിനെയും അവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. മര്‍ദ്ദിച്ച ആളുകളെ കണ്ടാല്‍ തിരിച്ചറിയും. ചിലര്‍ നാട്ടില്‍ തന്നെ ഉളളവരാണെന്നും മറ്റുചിലര്‍ പുറത്ത് നിന്നും എത്തിയവരാണെന്നും ജിഷ്ണു വ്യക്തമാക്കി.

അതേസമയം  ഫ്ളക്സ് കീറിയതിന് ജിഷ്ണുവിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മര്‍ദ്ദിച്ചവര്‍ക്കെതിരെയും കേസ് എടുക്കും.