പാലക്കാട് അണ്ണാറക്കണ്ണനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ മൂന്നാമത്തെ ആളും മരിച്ചു

കഴിഞ്ഞ ദിവസം പാലക്കാട് കൊപ്പത്ത് അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാനായി കിണറിലിറങ്ങിയ മൂന്നാമത്തെ ആളും മരിച്ചു. പാലക്കാട് കൊപ്പം സ്വദേശി കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. കരിമ്പനയക്കല്‍ സുരേഷിന്റെ വീട്ടുവളപ്പിലെ കിണറിലാണ് അണ്ണാന്‍ കുഞ്ഞ് വീണത്. പിന്നീട് അണ്ണാറക്കണ്ണനെ രക്ഷിക്കാനിറങ്ങിയ സുരേഷ് ബോധരഹിതനായ വീണു.

കരിമ്പനക്കല്‍ സുരേഷിന്റെ വീട്ടുവളപ്പിലെ കിണറില്‍ വീണ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാനാണ് സുരേഷ് കിണറിലിറങ്ങിയത്. ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് സുരേഷ് ബോധരഹിതനായി കിണറില്‍ വീണു.

സുരേഷിനെ രക്ഷിക്കാനാണ് കൃഷ്ണന്‍കുട്ടിയും, ഇദ്ദേഹത്തിന്റെ സഹോദരന്‍ സുരേന്ദ്രനും കിണറിലിറങ്ങിയത്.കിണറ്റില്‍ ഓക്‌സിജന്റെ സാന്നിധ്യമില്ലാത്തതിനാല്‍ ഇരുവരും ബോധരഹിതരായി. മൂന്നുപേരെയും പുറത്തെടുത്തെങ്കിലും സുരേഷും, സുരേന്ദ്രനും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

ചിത്രത്തിന് കടപ്പാട്: മീഡിയവണ്‍