മടക്കിക്കൊണ്ടുവരാൻ ശ്രമമുണ്ടായി; കൗൺസിലിംഗ് നടത്തിയത് ശിവശക്തി യോഗ സെന്ററിൽ നിന്നുള്ളവർ, വെളിപ്പെടുത്തലുമായി ഹാദിയ

കോടതി നിര്‍ദ്ദേശപ്രകാരം പഠനം തുടരാന്‍ സേലത്തെ ഹോമിയോ മെഡിക്കല്‍ കോളജിലെത്തിയതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ഹാദിയ. മുസ്ലിം മതം സ്വീകരിച്ച തന്നെ വീണ്ടും ഹിന്ദു മതത്തിലേക്ക് മടക്കികൊണ്ടു പോകാന്‍ ശ്രമം നടന്നിരുന്നതായി ഹാദിയ പറഞ്ഞു. ഇതിനായി കൗണ്‍സിലിംഗ് നടത്തിയത് തൃപ്പുണിത്തുറ ശിവശക്തി യോഗ സെന്ററില്‍ നിന്നുള്ളവരാണെന്നും ഹാദിയ മനോരമ ന്യൂസിന് നല്‍കിയ ഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു. അതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഹാദിയ തനിക്ക് തന്റെ ഭര്‍ത്താവിനെ കാണണമെന്നും പഠനം തുടരാന്‍ കോടതി അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

താന്‍ ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്നും ഹിന്ദു മതത്തിലേക്ക് മടങ്ങുകയാണെന്നും പറഞ്ഞ് വാര്‍ത്താ സമ്മേളനം നടത്താന്‍ കൗണ്‍സിലിംഗിന് എത്തിയവര്‍ നിര്‍ബന്ധിച്ചു. കൗണ്‍സിലിംഗ് എന്ന വ്യാജേന അവര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഹാദിയ ആരോപിച്ചു.

ഷെഫിന്‍ തന്റെ ഭര്‍ത്താവാണെന്നും അല്ലെന്നും കോടതി പറഞ്ഞിട്ടില്ല. തന്റെ മാനസിക നിലയ്ക്ക് ഒരു കുഴപ്പവുമില്ല. സേലത്തെത്തിയ ശേഷം അച്ഛനെയും അമ്മയെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ആദ്യം ഷെഫിന്‍ ജഹാനെ കാണാനാണ് ആഗ്രഹമെന്നും എന്നാല്‍ അച്ഛനെയും അമ്മയെയും കാണാനും ആഗ്രഹമുണ്ടെന്നും ഹാദിയ പറഞ്ഞു.

Read more

ഇന്നലെ വൈകിട്ടോടെ സേലത്തെത്തിയ ഹാദിയ ഇന്ന് മുതല്‍ കോളജില്‍ പോയി തുടങ്ങും. കോളജില്‍ ചേര്‍ന്ന സമയത്തെ അഖില എന്ന പേരാണ് രജിസ്റ്ററിലും മറ്റും. കോളജിലായിരിക്കുമ്പോള്‍ ഹാദിയയെ കാണാന്‍ മാതാപിതാക്കളെ മാത്രമെ അനുവദിക്കുകയുള്ളുവെന്നും ഭര്‍‌ത്താവിനെ അനുവദിക്കില്ലെന്നും ഇന്നലെ കോളജ് അധികൃതര്‍ പറഞ്ഞിരുന്നു.