'മൂല്യമുള്ള സിനിമകൾ ഇല്ലായിരുന്നു'; ബാലതാരങ്ങൾക്ക് പുരസ്‌കാരം നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ

2024 സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ ബാലതാരങ്ങൾക്ക് പുരസ്‌കാരം നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. മൂല്യമുള്ള സിനിമകൾ ഇല്ലായിരുന്നുവെന്നാണ് മന്ത്രിയുടെ വാദം. അതേകുറിച്ച് ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. അതേസമയം നല്ല സിനിമകൾ ഉണ്ടാകാൻ സർക്കാർ ഇടപെടുമെന്നും പ്രശ്നങ്ങൾ അടുത്ത അവാർഡിൽ പരിഹരിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുട്ടികളുടെ സിനിമയ്ക്ക് 100 ശതമാനം പരിഗണന നൽകാൻ തീരുമാനിച്ചിരുന്നു. പരാതി ഇല്ലാതെ ഏറ്റവും മികച്ച പ്രഖ്യാപനമാണ് ഇന്നലെ നടന്നത്. നാലു സിനിമകൾ ഇക്കൊല്ലം അവാർഡിന് വന്നിരുന്നു. അതിൽ രണ്ട് സിനിമകൾ അവസാന ഘട്ടത്തിൽ എത്തിയിരുന്നു. പക്ഷെ ക്രീയേറ്റിവ്‌ ആയ സിനിമയായി അവർ അതിനെ കണ്ടില്ല. അവാർഡ് കൊടുക്കാൻ പറ്റുന്ന പാകത്തിലേക്ക് ആ സിനിമകൾ എത്തിയില്ല. അവർ അതിൽ ഖേദപ്രകടനമാണ് നടത്തിയിരിക്കുന്നത്. – മന്ത്രി പറഞ്ഞു

55-ാം മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരങ്ങളും ബാലചിത്രത്തിനും പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരുന്നില്ല. മികച്ച ബാലതാരം ആണ്‍, പെണ്‍ വിഭാഗങ്ങള്‍ക്ക് നേരെ ‘ഈ വിഭാഗത്തില്‍ അവാര്‍ഡ് ഇല്ല’ എന്നാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇതിന് പിന്നാലെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തുകയുണ്ടായി. സ്ഥാനാർത്തി ശ്രീക്കുട്ടൻ തുടങ്ങിയ ചിത്രങ്ങൾ നിരത്തിയാണ് ആളുകൾ പ്രതികരണവുമായി എത്തിയത്.

മികച്ച കുട്ടികള്‍ക്കുള്ള ചിത്രം എന്ന കോളം കഴിഞ്ഞ വര്‍ഷവും ഒഴിഞ്ഞു കിടക്കുകയായിരുന്നു. 2003 മുതല്‍ 2006 വരെയുള്ള വരെയുള്ള കാലഘട്ടത്തിലും തുടര്‍ച്ചയായി ഈ വിഭാഗത്തില്‍ പുരസ്‌കാരങ്ങള്‍ ഇല്ലായിരുന്നു. കഴിഞ്ഞ വര്‍ഷം ‘പാച്ചുവും അത്ഭുത വിളക്കും’ സിനിമയിലെ പ്രകടനത്തിന് അവിര്‍ത് മേനോന്‍, ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിന് തെന്നല്‍ അഭിലാഷ് എന്നിവര്‍ ആയിരുന്നു പുരസ്‌കാരങ്ങള്‍ നേടിയത്.

Read more