കോണ്‍ഗ്രസില്‍ കുറച്ച് മാലിന്യങ്ങളുണ്ട്, അവരാണ് മറുകണ്ടം ചാടിയത്; കെ. മുരളീധരന്‍

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുറച്ച് മാലിന്യങ്ങളുണ്ടെന്നും അവരാണ് മറുകണ്ടം ചാടിയതെന്നും കെ മുരളീധരന്‍ എം പി. അവര്‍ സ്വയം പുറത്തുപോയാല്‍ പാര്‍ട്ടി ശുദ്ധീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്റെ എല്‍ഡിഎഫ് പ്രവേശനത്തെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എം ബി മുരളീധരന്‍ ഇടതു പാളയത്തില്‍ എത്തിയത് കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. പല സന്ദര്‍ഭങ്ങളിലായി ഇനിയും ചിലര്‍ പാര്‍ട്ടി വിടാനുണ്ട്. അത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കില്ല. സിപിഐഎമ്മില്‍ നിന്ന് ശക്തമായ അടിയൊഴുക്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വട്ടപ്പൂജ്യമാണ്. ഒരിക്കലും നടക്കാത്ത കെ റെയിലാണോ പിണറായി സര്‍ക്കാരിന്റെ നേട്ടമെന്നും അദ്ദേഹം പരിഹസിച്ചു. കൂളിമാട് പാലമാണ് യഥാര്‍ത്ഥ പഞ്ചവടിപ്പാലം. നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നത് ഗൗരവമേറിയ വിഷയമാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. കൂളിമാട് പാലം തകര്‍ന്ന സംഭവത്തോടെ തൃക്കാക്കരയില്‍ പാലാരിവട്ടം ഉയര്‍ത്തി പ്രചാരണം നടത്താന്‍ സിപിഎമ്മിന് കഴിയുന്നില്ല. അതേ കൊണ്ടാണ് കെ സുധാകരനെതിരെ കേസെടുത്തിരിക്കുന്നതെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.