ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ കക്ഷി ചേരാനില്ല; വി.സിയെ ക്രിമിനല്‍ എന്ന് വിളിച്ചതിനോടും യോജിക്കുന്നില്ല: വി.ഡി സതീശന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലുള്ള പോരില്‍ കക്ഷി ചേരാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്ണൂര്‍ സര്‍വകലാശാലയിലെ വി സിയെ ക്രിമിനല്‍ എന്ന് വിളിച്ചതിനോടും യോജിപ്പില്ല. വി സിയുടെ നിയമനം തെറ്റാണെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ഗവര്‍ണര്‍ തന്നെയാണ് നിയമനം നല്‍കിയത്. ആ തെറ്റ് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലിനെ എതിര്‍ക്കും. ഏറാന്‍മൂളികളെ വൈസ് ചാന്‍സലര്‍മാരാക്കാനാണ് നീക്കം. സര്‍വകലാശാലകള്‍ സിപിഎമ്മിന്റെ ബന്ധുനിയമനത്തിനുളള കേന്ദ്രമായി മാറിയെന്നും വി ഡി സതീശന്‍ ആരോപിച്ചു. തിരക്കിട്ട് ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് എതിരെയും സതീശന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഒരു ദിവസം ആറു ബില്ലുകളാണ് അവതരിപ്പിക്കുന്നത്. ദോശ ചുടുന്നതു പോലെ ബില്ലുകള്‍ അവതരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സര്‍വകലാശാലകളില്‍ വി സിയെ നിയമിക്കുന്നത് സംബന്ധിച്ച് ചാന്‍സലറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്‍ 24ന് നിയമസഭയില്‍ അവതരിപ്പിക്കും. ലോകായുക്ത നിയമഭേദഗതി ബില്ലും ബുധനാഴ്ച തന്നെ അവതരിപ്പിക്കും. കാര്യോപദേശക സമിതിയുടേതാണ് തീരുമാനം. നേരത്തെ 26ന് ബില്‍ അവതരിപ്പിക്കായിരുന്നു നീക്കം. നാളെയും മറ്റന്നാളുമായി 12 ബില്ലുകളാണ് നിയമസഭ പരിഗണിക്കുക. അതേസമയം ഓഗസ്റ്റ് 25,26, സെപ്റ്റംബര്‍ 2 എന്നീ തിയതികളില്‍ സഭ ചേരില്ല