രണ്ടുപേരെ ചവിട്ടിക്കൊന്ന തെച്ചിക്കോട്ട് രാമചന്ദ്രനെ ഉത്സവ എഴുന്നള്ളിപ്പില്‍ നിന്ന് വനം വകുപ്പ് വിലക്കി; ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു

Gambinos Ad
ript>

ഗുരുവായൂരില്‍ ഇടഞ്ഞ തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന ആനയെ ഉത്സവ എഴുന്നള്ളിപ്പില്‍ നിന്ന് വനം വകുപ്പ് പതിനഞ്ച് ദിവസത്തേക്ക് വിലക്കി. കഴിഞ്ഞ ദിവസം ഇടഞ്ഞ ആന രണ്ടുപേരെ ചവിട്ടിക്കൊന്നിരുന്നിരുന്നു. മൃഗ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചതിന് ശേഷം മാത്രമേ ഈ ആനയെ ഇനി ഉത്സവ എഴുന്നള്ളിപ്പിന് ഇറക്കാള്‍ പാടുള്ളൂവെന്നാണ് വനം വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. തൃശ്ശൂര്‍, പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.

Gambinos Ad

നാട്ടാന പരിപാലന ചട്ടത്തിന് വിരുദ്ധമായി ആനയെ എഴുന്നള്ളിച്ചതിന് പാപ്പാന്മാര്‍, ആനയുടമ, ഉത്സവം നടന്ന ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൃഗത്തെ അപകടകരമാം വിധം കൈകാര്യം ചെയ്തതിനും മനപൂര്‍വമല്ലാത്ത നരഹത്യക്കുമാണ് കേസ്. ആനയ്ക്ക് അഞ്ച് പാപ്പാന്‍മാരാണ് ഉളളത്. ഇതില്‍ അപകടസമയത്ത് ആനയ്‌ക്കൊപ്പം ഉണ്ടായിരുന്ന വിനോദ്, വീജിഷ് എന്നിവരെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ആനയ്ക്ക് പ്രകോപനമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ഇവര്‍ക്കെതിരായ പ്രധാന കേസ്.

ആനയുടെ വൈദ്യപരിശോധന എഴുന്നെള്ളിപ്പിന് 15 ദിവസം മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. മദപ്പാടിന്റെ ലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അന്ന് കണ്ടെത്തിയിരുന്നില്ല. എന്നാല്‍ ചെറിയ ശബ്ദം പോലും കേട്ടാല്‍ വിരളുന്ന അവസ്ഥയുണ്ടെന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്.
ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നാണ് വനം വകുപ്പിന്റെ നിര്‍ദ്ദേശം. അതുവരെ അടുത്ത പതിനഞ്ച് ദിവസത്തേക്ക് ഉത്സവങ്ങള്‍ക്കോ മറ്റ് പരിപാടികള്‍ക്കോ ഉപയോഗിക്കരുത്.

ആനയെ പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ആരോഗ്യപരിശോധന നടത്തി സോഷ്യല്‍ ഫോറസ്റ്ററി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരിശോധനയ്ക്കായി ആനചികിത്സാ വിദഗ്ധരുടെ പ്രത്യേക പാനല്‍ സോഷ്യല്‍ ഫോറസ്റ്ററി വിഭാഗം രൂപീകരിക്കും.