യാത്രക്കാരിയോട് മോശമായി പെരുമാറിയ യുവാവ് ട്രെയിനില്‍ നിന്നു ചാടി, ഗുരുതര പരിക്ക്

യാത്രക്കാരിയോടു മോശമായി പെരുമാറിയതിന് ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടുന്നതിനിടെ പാളത്തില്‍ വീണ് യുവാവിനു പരിക്ക്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഇരുപത്തെട്ടുകാരനെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നിലമ്പൂര്‍- കോട്ടയം ട്രെയിനില്‍ എറണാകുളത്തു നിന്നാണു യുവാവു കയറിയത്. യാത്രക്കാരിയോടു യുവാവ് മോശമായി പെരുമാറിയതിനെ സഹയാത്രികര്‍ ചോദ്യം ചെയ്തിരുന്നു .

ഇതേ സമയത്ത് ട്രെയിന്‍ പിറവം സ്റ്റേഷനിലെത്തിയിരുന്നു . അതോടെ ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിക്കുന്നതിനിടെയാണു പാളത്തില്‍ വീണു യുവാവിനു പരുക്കേറ്റത്.

പിന്നീട് ചോര വാര്‍ന്നൊഴുകുന്ന അവസ്ഥയില്‍ യുവാവ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പരിഭ്രാന്തരായ വീട്ടുകാര്‍ പഞ്ചായത്തംഗത്തെ വീട്ടിലേക്കു വിളിച്ചുവരുത്തി. പിന്നാലെ സ്ഥലത്തെത്തിയ വെള്ളൂര്‍ പൊലീസിന്റെ അന്വേഷണത്തിലാണു സംഭവം പുറത്തുവന്നത്. എന്നാല്‍ യാത്രക്കാരി പരാതി നല്‍കാത്ത കാരണത്താല്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല.