തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചിരുന്നു, കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് കിറ്റെക്‌സ് എംഡി

എറണാകുളം കിഴക്കമ്പലത്ത് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. കമ്പനിയിലെ തൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ അല്ല. ലഹരി ഉപയോഗിച്ചതിന് ശേഷമുള്ള ആക്രമണം ആണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. യാദൃശ്ചികമായിട്ട് ഉണ്ടായ ഒരു ആക്രമണം ആയിരുന്നു. കുറ്റവാളികള്‍ ആയവരെ സംരക്ഷിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യമായാണ് ഇത്തരം ഒരു സംഭവം നടക്കുന്നത്. ഒരു കൂട്ടം തൊഴിലാളികള്‍ പാട്ടും നൃത്തവുമായി ക്രിസ്മസ് കരോള്‍ നടത്തുകയായിരുന്നു. എന്നാല്‍ അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് മറ്റൊരു കൂട്ടം തൊഴിലാളികള്‍ അതിനെ എതിര്‍ത്തു. രണ്ട് വിഭാഗവും തമ്മില്‍ അതോടെ വാക്കേറ്റം ആവുകയും, പിന്നീട് സംഘര്‍ഷാവസ്ഥയില്‍ എത്തുകയും ചെയ്തു. തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരെയും ഇവര്‍ ആക്രമിച്ചു. പൊലീസിനെ വിളിച്ച് വരുത്തിയെങ്കിലും അവര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. തൊഴിലാളികള്‍ ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന് കാണാം എന്ന് സാബു പറഞ്ഞു.

അതേസമയം കസ്റ്റഡിയില്‍ ഉള്ള എല്ലാവരും പ്രതികളല്ല. മുപ്പതില്‍ താഴെ ആളുകള്‍ മാത്രമാണ് ആക്രമണം നടത്തിയത്. കിറ്റക്‌സ് ഒരു കുറ്റവാളിയേയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് ലഹരി നല്‍കിയെത്തിച്ച് നല്‍കിയ വിഷയം ആശങ്കയുള്ളതാണ്. ലഹരി എത്തിയത് എങ്ങനെയെന്ന് അടക്കം പരിശോധിക്കണം. മുമ്പും തൊഴിലാളികളുടെ കയ്യില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തിയട്ടുണ്ട്.

ഇന്നലെ രാത്രിയാണ് കിഴക്കമ്പലം കിറ്റെക്സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ സംഘര്‍ഷമുണ്ടായത്. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീപ്പ് അക്രമികള്‍ കത്തിച്ചു. ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുന്നത്തുനാട് സിഐ ഷാജു അടക്കം അഞ്ച് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്.

സംഭവത്തിന് പിന്നാലെ കിറ്റെക്‌സ് കമ്പനിക്കെതിരെ ആരോപണവുമായി പിവി ശ്രീനിജന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. കമ്പനിക്കും ഉത്തരവാദിത്തമുണ്ട്. ഉടമയ്‌ക്കെതിരെയും അന്വേഷണം നടത്തണം. ഇതിന് മുമ്പും തൊഴിലാളികള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.