കേരളം മുഴുവന്‍ ഇരകളാകും; സില്‍വര്‍ലൈന്‍ പൊതുഗതാഗത സംവിധാനങ്ങളെ വിഴുങ്ങും: വി.ഡി സതീശന്‍

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഇരകളാകുന്നത് പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങളിലെ ആളുകള്‍ മാത്രമല്ല, കേരളം മുഴുവനാണെന്ന് പ്രതിപക്ഷ നേതാൈവ് വിഡി സതീശന്‍. സാമ്പത്തികമായും, സാമൂഹ്യമായും, പാരിസ്ഥിതികമായും കേരളത്തെ തകര്‍ക്കുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനോട് പ്രതിപക്ഷം പൂര്‍ണമായും യോജിക്കുന്നുണ്ട്. പാവപ്പെട്ടവരടക്കം എല്ലാവരും ആശ്രയിക്കുന്ന കേരളത്തിലെ പൊതുഗതാഗതസംവിധാനം കെഎസ്ആര്‍ടിസിയാണ്. എന്നാല്‍ പാവപ്പെട്ടവന്റെ പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുത്തുകൊണ്ടാണ് വരേണ്യവര്‍ഗത്തിന് വേണ്ടി സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത് എന്നും വിഡി സതീശന്‍ പറഞ്ഞു.

പെന്‍ഷനും ശമ്പളവും നല്‍കാന്‍ കഴിയാതെ കെഎസ്ആര്‍ടിസിയുടെ മിക്ക സര്‍വീസുകളും നിര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ലോകത്ത് എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നിലവില്‍ വരുന്നത്. എന്നാല്‍ സില്‍വര്‍ലൈന്‍ മറ്റു ഗതാഗത സംവിധാനങ്ങളെ വിഴുങ്ങുന്ന പദ്ധതിയാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത് പരസ്പര വിരുദ്ധമായ കണക്കുകളാണ്. പശ്ചിമഘട്ടത്തിലെ മുഴുവന്‍ മലയും ഇടിച്ച് നിരത്തിയാലും പദ്ധതിക്കുള്ള കല്ല് കിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പദ്ധതിയുടെ ചെലവ് 64,000 കോടി മാത്രമാണ് എന്ന് എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. സില്‍വര്‍ലൈനിന്റെ ചെലവ് രണ്ടു ലക്ഷം കോടി കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ജീപ്പിന് ഡീസലടിക്കാന്‍ പണമില്ലാത്ത, കുട്ടികള്‍ക്ക് സ്‌കൂളില്‍ പാലും മുട്ടയും കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഇപ്പോഴത്തേത് എന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. സില്‍വര്‍ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്ത്ര പ്രമേയം ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കിയതില്‍ നന്ദ്ി പറഞ്ഞു കൊണ്ടാണ് അദ്ദേഹം ചര്‍ച്ച തുടങ്ങിയത്.