ടൂറിസ്റ്റ് ബസുകളും പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി ഗതാഗത മന്ത്രി, ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത ബസുകളുടെ പട്ടിക തയ്യാറാക്കാന്‍ ഗതാഗത സെക്രട്ടറി

ബ്ലാക്ക് ലിസ്റ്റ് ചെയ്ത ബസുകളുടെ പട്ടിക തയ്യാറാക്കാന്‍ കര്‍ശന നിര്‍ദേശവുമായി ഗതാഗത സെക്രട്ടറി. ബ്ലാക്ക് ലിസ്റ്റ് ചെയ്ത വാഹനങ്ങളില്‍ സ്‌കൂള്‍, കോളജ് ടൂറുകള്‍ അനുവദിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.അതെസമയം എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്ന് ഗതാഗത മന്ത്രി പറഞ്ഞു. രണ്ടാഴ്ചക്കകം പരിശോധന പൂര്‍ത്തിയാക്കാനാണ് തീരുമാനം. പരമാവധി വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുമെന്നും ആന്റണി രാജു വ്യക്തമാക്കി.

വടക്കഞ്ചേരി അപകടത്തിലെ ഹൈക്കോടതിയുടെ ഇടപടെലിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. അപകടത്തില്‍ പെട്ട വാഹനത്തിന് രാത്രി രണ്ട് തവണ അപകട സൂചന നല്‍കിയിരുന്നു. വാഹന ഉടമയ്ക്കെതിരെ കേസ് എടുക്കുമെന്നും മന്ത്രി പറഞ്ഞു.

അപകടത്തില്‍പെട്ട വാഹനത്തിന്റെ വേഗത 97.2 കീലോമീറ്റര്‍ ആണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ കണ്ടെത്തിയതായും മന്ത്രി അറിയിച്ചു. സ്പീഡ് ഗവര്‍ണര്‍ അഴിച്ചു വെക്കുന്ന പ്രവണതയുണ്ടെന്നും ഇതില്‍ ഡീലര്‍മാര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.

കൂടാതെ ഡ്രൈവര്‍മാരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് നിര്‍ദേശം നല്‍കി.