പ്രതിപക്ഷ നിരയില്‍ കരുത്തര്‍ കോണ്‍ഗ്രസ് തന്നെ, 88 എം.എല്‍.എമാരെ സി.പി.എമ്മിന് ഉള്ളു

പ്രതിപക്ഷ നിരയില്‍ കരുത്തര്‍ ഇപ്പോഴും കോണ്‍ഗ്രസ് തന്നെയെന്ന് വ്യക്തമാക്കി ശശി തരൂര്‍ എംപി. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെയുള്ള കടന്നാക്രമണം കൂടിയതിന് പിന്നാലെയാണ് കണക്കുകള്‍ നിരത്തി തരൂര്‍ രംഗത്ത് വന്നത്.

ഇതു കൊണ്ടാണ് പ്രതിപക്ഷ കക്ഷികളിലെ ഏറ്റവും വിശ്വാസയോഗ്യമായ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണെന്ന് പറയുന്നത്. ഇതു കൊണ്ട് തന്നെയാണ് ഈ പാര്‍ട്ടിയുടെ നവീകരണവും പുനര്‍ജ്ജീവനവും ആഗ്രഹിക്കുന്നത്. എംഎല്‍എമാരുടെ കണക്കുകള്‍ നിരത്തി തരൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

1443 എംഎല്‍എമാരുള്ള ബിജെപിക്കു തൊട്ടുപിന്നില്‍ 753 എംഎല്‍എമാരുമായി കോണ്‍ഗ്രസ് തന്നെയാണ് രണ്ടാമത്. 236 പേരുള്ള തൃണമൂല്‍ കോണ്‍ഗ്രസാണ് മൂന്നാം സ്ഥാനത്ത്. 88 എംഎല്‍എമാരാണ് സിപിഎമ്മിനുള്ളതെന്നും തരൂര്‍ പങ്കുവച്ച കണക്കുകള്‍ പറയുന്നു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. നാലു മണിക്കൂറോളം നീണ്ട പ്രവര്‍ത്തക സമിതി യോഗം, സോണിയയുടെ നേതൃത്വത്തില്‍തന്നെ മുന്നോട്ടു പോകാമെന്നു തീരുമാനിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് ഫലം ആശങ്കാജനകമാണെന്നും തന്ത്രങ്ങള്‍ പിഴച്ചെന്നും യോഗം അഭിപ്രായപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്‍ നേതൃതലത്തില്‍ മാറ്റമുണ്ടാകുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് ഇന്നലേ തള്ളിയിരുന്നു.

ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. സംഘടന ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടലുണ്ടാവും. തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ പിഴച്ചു. സംഘടന തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സോണിയ അധ്യക്ഷയായി തുടരുമെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി.