സില്‍വര്‍ ലൈനിന് അനുമതി നല്‍കണം, പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കുന്നതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് ഉള്‍പ്പെടെയാണ് കത്തയച്ചിരിക്കുന്നത്. രാജ്യത്തിന്റെ ആകെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതാണ് സില്‍വര്‍ ലൈന്‍ പദ്ധതി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 13,700 കോടിയും, കെ റെയില്‍ എടുക്കുന്ന വായ്പയുടെ ബാദ്ധ്യതയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ ഉറപ്പ് നല്‍കിയിരുന്നതും കത്തില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര ബജറ്റിലെ ദേശീയ റെയില്‍ പ്ലാനില്‍ സില്‍വര്‍ ലൈന്‍ ഉള്‍പ്പെടുത്തിയതില്‍ നന്ദി അറിയിച്ചാണ് കത്ത് തുടങ്ങുന്നത്. ജൂലൈയില്‍ നല്‍കിയ മെമ്മോറാണ്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു സില്‍വര്‍ ലൈനെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിലും സുപ്രധാന പങ്ക് പദ്ധതിയ്ക്കുണ്ട്.

സില്‍വര്‍ ലൈന്‍, വിഴിഞ്ഞം തുറമുഖം, വ്യവസായ ഇടനാഴി എന്നിവ വരുന്നതോടെ റെയില്‍വേയ്ക്കും അത് ഗുണകരമാവും. 42 മേല്‍പ്പാലങ്ങളാണ് സില്‍വര്‍ ലൈനിനായി നിര്‍മ്മിക്കുന്നത്. റെയില്‍വേയും സര്‍ക്കാരും തമ്മിലുള്ള കരാര്‍ പ്രകാരം ഭൂമിയേറ്റെടുക്കല്‍ ചെലവ് ഒഴിച്ചുള്ള വിഹിതം മുടക്കുന്നവര്‍ക്ക് 13.55 ശതമാനം വാര്‍ഷിക വരുമാനം കിട്ടും. പദ്ധതി ലാഭകരമാണെന്ന് സര്‍ക്കാര്‍ കത്തില്‍ പറഞ്ഞു.

നിലവില്‍ ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. റെയില്‍വേയുടെ കീഴിലുള്ള 185 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 530 കിലോമീറ്ററാണ് പാതയുടെ നീളം. 220 കിലോമീറ്റര്‍ റെയില്‍വേയ്ക്ക് സമാന്തരമായാണ്. 66,000 കോടിയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ കടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്.