കോവിഷീല്‍ഡ് രണ്ടാം ഡോസ് 28 ദിവസത്തിനു ശേഷം എടുക്കാം; ഹൈക്കോടതി

കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് 28 ദിവസത്തിന് ശേഷം എടുക്കാമെന്ന് കേരള ഹൈക്കോടതി. താത്പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാമെന്നാണ് കോടതി നിർദ്ദേശം.

ഇത് അനുസരിച്ചുള്ള മാറ്റങ്ങൾ കോവിന്‍ പോര്‍ട്ടലില്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നൽകി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്സിന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വാക്സിൻ ഇടവേളയില്‍ ഇളവ് തേടി കിറ്റക്സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ടാണ് കിറ്റക്സ് ​ഗ്രൂപ്പ് ഹർജി നൽകിയത്.

കൊവിഷീൽഡ് വാക്സിൻ്റെ ഇടവേള കുറയ്ക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു. എന്നാൽ ഈ നിലപാട് തള്ളിയാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.