ആത്മഹത്യ ചെയ്ത ആളുടെ രണ്ടാമത്തെ കോവിഡ് ഫലവും പോസിറ്റീവ്; കോഴിക്കോട് കൂടുതല്‍ കണ്ടെയ്ൻമെന്റ് സോണുകള്‍

കോഴിക്കോട് വെള്ളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവായി. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് രണ്ടാമത്തെ പരിശോധനാഫലം വന്നത്. ഈ സാഹചര്യത്തിൽ കോഴിക്കോട് കോർപ്പറേഷനിലെ മൂന്ന് ഡിവിഷനുകളും, ഒളവണ്ണ പഞ്ചായത്തിലെ ഒരു വാർഡും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു.

കോർപ്പറേഷനിലെ 56, 62, 66 ഡിവിഷനുകളും ഒളവണ്ണ പഞ്ചായത്തിലെ പത്തൊൻപതാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോണുകൾ. ഓരോ വാർഡുകളിൽ നിന്നും 300 സാമ്പിളുകൾ വീതം പരിശോധിക്കുമെന്നും നാളെ 1000 സാമ്പിളുകൾ പരിശോധിക്കുമെന്നും കളക്ടർ പറഞ്ഞു. നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും ജില്ലാ കളക്ടർ മാധ്യമങ്ങളോട് വ്യക്തമാക്കി.

മരിച്ചയാളുടെ ആദ്യ കോവിഡ് പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ വെള്ളയില്‍ പൊലീസ് സ്‌റ്റേഷനിലെ സി.ഐ അടക്കമുള്ള ഏഴ് പൊലീസുകാരെ ക്വാറന്റൈനിലാക്കിയിരുന്നു. മരിച്ചയാളുടെ മൃതദേഹം കാണാന്‍ വീട്ടിലെത്തിയവരും ഇയാളുടെ ബന്ധുക്കളുമായി അടുത്തിടപഴകുകയും ചെയ്ത 92 പേരുടെ പട്ടിക കോഴിക്കോട് ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിലുള്ള പലരോടും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.