ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും; കെഎസ്ആര്‍ടിസിയില്‍ നിലപാട് കടുപ്പിച്ച് ആന്റണി രാജു

ദേശീയ പണിമുടക്കില്‍ പങ്കെടുത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗമന്ത്രി ആന്റണി രാജു. ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് ഈ മാസം അഞ്ചിന് നടന്ന പണിമുടക്കില്‍ പങ്കെടുത്തവരുടെയും ശമ്പളം പിടിക്കും. ഇതിനായി പണിമുടക്കിയ ജീവനക്കാരുടെ കണക്കെടുപ്പ് ആരംഭിച്ചു.

പണിമുടക്കിന്റെ തലേന്നും പിറ്റേ ദിവസവും മുന്‍കൂട്ടി അറിയിക്കാതെ അവധിയെടുത്തവര്‍ക്കും വൈകി എത്തിയവര്‍ക്കും എതിരെയും നടപടി സ്വീകരിക്കും. ജോലിക്കെത്താത്തവരുടെ പട്ടിക തിങ്കളാഴ്ച സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ശമ്പള ഇനത്തില്‍ 12 കോടിയിലേറെ രൂപ ലാഭിക്കാമെന്നാണ് കെഎസ്ആര്‍ടിസി കണക്ക് കൂട്ടുന്നത്.

ശമ്പള വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് 24 മണിക്കൂര്‍ സൂചനാ പണിമുടക്കിനാണ് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നത്. എ.ഐ.ടി.യു.സി, ടി.ഡി.എഫ്, ബി.എം.എസ് എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുത്തിരുന്നു. സിഐടിയുസി സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.