ബ്രണ്ണനില്‍ ഓടിയ ഓട്ടം കെ.പി.സി.സി പ്രസിഡന്റ് മറന്നു പോകാനിടയില്ല; വീണാ ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയന് എതിരായുള്ള കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തിന് എതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബ്രണ്ണനില്‍ ഓടിയ ഓട്ടം കെപിസിസി പ്രസിഡന്റ് മറന്നു പോകാനിടയില്ലെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ.പി.സി.സി പ്രസിഡന്റിന്റെ നെറികെട്ട പ്രസ്താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പങ്കുവെച്ചുകൊണ്ടായിരുന്നു വീണാ ജോര്‍ജിന്റെ പ്രതികരണം. സംഭവത്തില്‍ സുധാകരനെതിരെ കേസെടുക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകന്‍ പോലും ഉപയോഗിക്കാന്‍ പാടില്ലാത്ത സംസ്‌കാര ശൂന്യമായ വാക്കുകളും നടപടികളുമാണ് സുധാകരന്റേതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സുധാകരന്‍ രംഗത്തെത്തിയിരുന്നു. ചങ്ങല പൊട്ടിയ പട്ടിയെന്നത് മലബാറിലെ ഒരു ഉപമയാണ്. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്ന് താന്‍ തന്നെ കുറിച്ചും പറയാറുണ്ട്. പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നു. എന്നാല്‍ ക്ഷമ ചോദിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.