കോഴിക്കോട്ട്‌ ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസിയെ കുത്തി പരിക്കേല്‍പ്പിച്ചു; അക്രമിയെ കണ്ടെത്തി ക്വാറന്റൈനിൽ പ്രവേശിപ്പിക്കാൻ പൊലീസ് ശ്രമം

കോഴിക്കോട് ക്വാറന്‍റൈനിൽ കഴിയുകയായിരുന്ന യുവാവിനെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജീഷിനാണ് കൈയ്ക്ക് പരിക്കേറ്റത്. രാത്രി പതിനൊന്നു മണിയോടെ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം.

വ്യാഴാഴ്ചയാണ് ലീജീഷ് ബഹ്‌റിനില്‍ നിന്ന് വന്നത്. ലിജീഷ് ക്വാറന്റൈനില്‍ കഴിഞ്ഞ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അക്രമി ഉള്ളിൽ കടക്കുകയും കൈയിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. അക്രമി മുഖംമൂടി ധരിച്ചിരുന്നു. ലിജീഷിനെ കുത്തിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

ലിജീഷ് തന്നെ അറിയിച്ചതനുസരിച്ച് നാട്ടുകാരെത്തി ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടിയ ശേഷം ലിജീഷിനെ വീണ്ടും ക്വാറന്റൈനിൽ അയച്ചു.

വടകര പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. അക്രമത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ക്വാറന്റൈനിൽ കഴിയുന്ന പ്രവാസിക്കു നേരെയുളള വധശ്രമം എന്ന രീതിയിലാണ് പൊലീസ്‌ കേസെടുത്തിരിക്കുന്നത്.

എന്നാൽ ക്വാറന്റൈനിൽ കഴിയുന്ന വ്യക്തിയെ ആക്രമിച്ചതിനാൽ അക്രമിയേയും കണ്ടെത്തി ക്വാറന്റൈനിലാക്കേണ്ട സാഹചര്യമുണ്ട്‌.

അതിനാൽ തന്നെ അയാളെ എത്രയും വേഗം കണ്ടെത്തി ക്വാറന്റൈനിൽ പ്രവേശിപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. തുടർന്നായിരിക്കും നിയമ നടപടികൾ.