സദാചാര വേട്ടയാടലുകളെ അതിജീവിച്ച വ്യക്തിത്വമാണ് കാനായിയെന്ന് മന്ത്രി എ.കെ ബാലന്‍; സദാചാര സംരക്ഷകരുടെ തല്ല് കൊള്ളേണ്ടി വന്നിട്ടുണ്ടെന്ന് ശില്‍പി

കോണ്‍ക്രീറ്റില്‍ തീര്‍ത്ത അത്ഭുതമാണ് മലമ്പുഴയിലെ യക്ഷി. 80 നിറവിലും മനസ്സിന്റെ ആരോഗ്യത്തില്‍ ചെറുപ്പക്കാരനായ കാനായി കനത്ത സദാചാര വേട്ടയാടലുകളെ അതിജീവിച്ചാണ് ഇന്നത്തെ പ്രശസ്തിയില്‍ എത്തിയതെന്ന് മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍, ശില്‍പി കാനായി കുഞ്ഞിരാമനെ ആദരിക്കുന്ന “യക്ഷിയാനം” 2019 മലമ്പുഴ ഉദ്യാനത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭാവനയുടെയും സൗന്ദര്യത്തിന്റെയും പ്രതീകമാണ് മലനിരകളെ നോക്കി മുടി അഴിച്ച് ശാന്തഭാവത്തില്‍ നിലകൊള്ളുന്ന യക്ഷി. മലമ്പുഴ യക്ഷിയേക്കാള്‍ മനോഹരമായ മറ്റൊരു ശില്‍പകാവ്യം കേരളത്തിലില്ലെന്ന് മന്ത്രി പറഞ്ഞു. ലളിതകലാ അക്കാദമിയുടെ ഉപഹാരവും മന്ത്രി എ.കെ. ബാലന്‍ കാനായി കുഞ്ഞിരാമനും ഭാര്യയ്ക്കും  സമ്മാനിച്ചു. മിനുക്കുപണികള്‍ പൂര്‍ത്തിയാക്കിയ യക്ഷിശില്‍പവും മന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി നടന്ന വിളംബര ഘോഷയാത്രയില്‍ നിരവധി കലാകാരന്മാര്‍ അണിനിരന്നു.

മലമ്പുഴയിലെ യക്ഷിപ്രതിമ നിര്‍മ്മിച്ച സമയത്ത് സദാചാര സംരക്ഷകരുടെ തല്ലു കൊള്ളേണ്ടി വന്നിട്ടുണ്ടെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മലമ്പുഴയുടെ പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന രീതിയില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി ഒരു കലാരൂപം നിര്‍മ്മിക്കാനുള്ള ഉള്‍വിളിയോടെയാണ് മലമ്പുഴയിലെത്തിയത്. അമ്മയുടെ ശക്തി പ്രകടനമാവുന്ന രീതിയില്‍ യക്ഷി രൂപമെടുത്തത് ഈ പശ്ചാത്തലത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു്.