കെ.എസ്.ഇ.ബി ചെയര്‍മാന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നോട്ടീസ്

വൈദ്യുതി പോസ്റ്റുകളിലെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും എഴുത്തും നീക്കം ചെയ്തതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാതിരുന്ന കെ. എസ്. ഇ. ബി ചെയര്‍മാന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഷോകോസ് നോട്ടീസ് നല്‍കി. വൈദ്യുതി പോസ്റ്റുകളില്‍ നിന്ന് പോസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നീക്കം ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ 15 ദിവസം മുമ്പാണ് കെ. എസ്. ഇ. ബി ചെയര്‍മാന് ഇലക്ഷന്‍ വിഭാഗം ആദ്യം കത്തു നല്‍കിയത്.

മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മറ്റൊരു കത്തും നല്‍കി. രണ്ടിനും മറുപടി ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ഷോകോസ് നോട്ടീസ് നല്‍കിയത്. ചെയര്‍മാന്റെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.