ആലത്തൂര്‍ പിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് രമ്യയെ; സംഗീത ബിരുദമുള്ള യുവതി പാര്‍ട്ടിയില്‍ ഉയര്‍ന്ന് വന്നത് രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെ

കേരളത്തിലെ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നതോടെ അതിലെ ഏക വനിതയെന്ന നിലയില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് സവിശേഷ ശ്രദ്ധ നേടി. സംഗീത ബിരുദത്തിന് പഠിക്കുന്ന കാലത്ത് 2013ല്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്തത്തില്‍ നടന്ന ടാലന്റ് ഹണ്ടില്‍ പങ്കെടുത്തതാണ് രമ്യയുടെ ജീവിതം മാറ്റിമറിച്ചത്. പ്രതിഭാശാലിയായ യുവതിയെന്ന നിലയില്‍ പാര്‍ട്ടിയില്‍ ശ്രദ്ധ നേടിയതോടെയാണ് എല്‍ഡിഎഫില്‍ സിറ്റിംഗ് സീറ്റായ ആലത്തൂര്‍ പിടിക്കാന്‍ കോണ്‍ഗ്രസ് രമ്യയെ നിയോഗിച്ചത്.

ലോക്‌സഭയിലേക്കുള്ള കന്നി പോരാട്ടത്തില്‍ സിറ്റിംഗ് എംപി പി.കെ ബിജുവിനെയാണ് രമ്യ നേരിടുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ രമ്യ കോഴിക്കോട് കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പി.പി. ഹരിദാസന്റെയും രാധയുടെയും മകളാണ്.

Read more

നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റയായ രമ്യ കെഎസ്യു പെരുവയല്‍ മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം സെക്രട്ടറി, കുന്നമംഗലം നിയോജമണ്ഡലം ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.