സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് നാളെ മുതല്‍ പൂര്‍ണമായി ‘വാഹന്‍ സാരഥി’യിലേക്ക്

വാഹനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സിനുമുള്ള ‘സ്മാര്‍ട് മൂവ്’ എന്ന സോഫറ്റ്‌വെയറിന് പകരം മോട്ടോര്‍ വാഹന വകുപ്പ് നാളെ മുതല്‍ ‘വാഹന്‍ സാരഥി’യിലേക്ക്. കേന്ദ്രീകൃത വെബ് അധിഷ്ഠിത സോഫറ്റ്‌വെയറാണിത്.

ഇതോടെ ഇനി മുതല്‍ എല്ലാ ലൈസന്‍സും ഈ സോഫറ്റ്‌വെയര്‍ മുഖേനയായിരിക്കും ലഭിക്കുക. ഇതോടെ പൂര്‍ണമായി കേരളത്തില്‍ സാരഥി മോഡലിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ ലഭ്യമാകും.

പ്രധാനമായും ആറ് മാറ്റങ്ങളോടെയാണ് ഡ്രൈവിംഗ് ലൈസന്‍സ് അവതരിപ്പിക്കുന്നത്. ക്യൂ .ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ച പാറ്റേണ്‍ എന്നിങ്ങനെ ആറു സുരക്ഷാ സംവിധാനങ്ങളാണ് കാര്‍ഡില്‍ ഉണ്ടാവുക. കൂടാതെ വ്യക്തിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും കാര്‍ഡിലുണ്ടാവും.

ഇളം മഞ്ഞ, പച്ച, വയലറ്റ് നിറങ്ങള്‍ കൂടിച്ചേര്‍ന്ന അതിമനോഹരമായ നിറത്തിലാണ് കാര്‍ഡ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കാര്‍ഡിന്റെ ഡിസൈന്‍ പൈലറ്റ് പ്രൊജക്ടായി ചെയ്തിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാറിന്റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവ മുന്‍വശത്ത് കാണത്തക്ക രീതിയിലാണ് പുതിയ കാര്‍ഡിന്റെ രൂപകല്‍പന. പിറകുവശത്താണ് ക്യു.ആര്‍ കോഡ് ചേര്‍ത്തിരിക്കുന്നത്. ഇത് സ്‌കാന്‍ ചെയ്താല്‍ ലൈസന്‍സ് ഉടമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. മാത്രമല്ല, ലൈസന്‍സ് നമ്പര്‍, മോട്ടോര്‍ വാഹനവകുപ്പിന്റെ മുദ്ര എന്നിവയും കാര്‍ഡിന്റെ ഇരുവശങ്ങളിലും കാണാവുന്നതാണ്.