ഇ.എം.സി.സിയുമായുള്ള പ്രധാന ധാരണാപത്രം റദ്ദാക്കി ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം: രമേശ് ചെന്നിത്തല

അമേരിക്കൻ കമ്പനിയുമായി കെ.എസ്.ഐ.ഡി.സി ഉണ്ടാക്കിയ പ്രധാന ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.ഐ.ഡി.സിയും അമേരിക്കൻ കമ്പനിയായ ഇഎംസിസിയും തമ്മിൽ ഒപ്പിട്ട പ്രധാന കരാർ എത്രയും പെട്ടെന്ന് റദ്ദാക്കണം. മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഉൾപ്പെട്ട തട്ടിപ്പിൽ അഡി. ചീഫ് സെക്രട്ടറിയുടെ അന്വേഷണം മതിയാകില്ല. ആഴക്കടൽ കൊള്ള സംബന്ധിച്ച എല്ലാ തട്ടിപ്പുകളും ഗൂഢാലോചനയും കണ്ടെത്തുന്നതിന് ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. ഇ.എം.സി.സിയുമായി ഉണ്ടാക്കിയ എല്ലാ കരാറുകളും റദ്ദാക്കി സർക്കാർ കേരളത്തിലെ മത്സ്യത്തൊഴിലാളികളോട് മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ അമേരിക്കൻ കമ്പനിക്ക് വേണ്ടി ഒറ്റുകൊടുത്ത പിണറായി വിജയൻ സർക്കാർ അവരെ വീണ്ടും വഞ്ചിക്കാൻ ശ്രമിക്കുകയാണ്. പ്രതിപക്ഷം ഈ വിഷയം ഉയർത്തിക്കൊണ്ടുവന്നതിനു ശേഷം മനസില്ലാമനസ്സോടെ ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായുള്ള ധാരണാപത്രം റദ്ദാക്കിയ സർക്കാർ പക്ഷേ അമേരിക്കൻ കമ്പനിയുമായി കെ.എസ്.ഐ.ഡി.സി ഉണ്ടാക്കിയ പ്രധാന ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ല. കടൽ കൊള്ളയ്ക്കായി അമേരിക്കൻ കമ്പനിക്ക്‌ വഴി തുറന്ന് കൊടുത്തത്‌, മത്സ്യ നയത്തിലെ ക്ലോസ്‌ 2.9 ആണ്‌. അത്‌ ഇതുവരെ റദ്ദ്‌ ചെയ്തിട്ടില്ല.

മത്സ്യത്തൊളിലാളികളോടുള്ള വഞ്ചന അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് സംസ്ഥാന സർക്കാർ കെ.എസ്.ഐ.ഡി.സിയും അമേരിക്കൻ കമ്പനിയും തമ്മിൽ ഒപ്പിട്ട പ്രധാന കരാർ റദ്ദാക്കണം. മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഉൾപ്പെട്ട തട്ടിപ്പിൽ അഡി. ചീഫ് സെക്രട്ടറിയുടെ അന്വേഷണം മതിയാകില്ല. ആഴക്കടൽ കൊള്ള സംബന്ധിച്ച എല്ലാ തട്ടിപ്പുകളും ഗൂഡാലോചനയും കണ്ടെത്തുന്നതിന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. ഇ.എം.സി.സിയുമായി ഉണ്ടാക്കിയ എല്ലാ കരാറുകളും റദ്ദാക്കി സർക്കാർ കേരളത്തിലെ മത്സ്യത്തൊഴിലാളികളോട് മാപ്പു പറയണം.

പ്രളയക്കെടുതിയിൽ കേരളത്തെ കൈപിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളികളോട് നന്ദികേടാണ് ഈ സർക്കാർ വീണ്ടും വീണ്ടും ചെയ്യുന്നത്. അവരെ പട്ടിണിക്കിടാനായി അമേരിക്കൻ കമ്പനിയുമായി നടത്തിയ ഗൂഡാലോചനയ്ക്ക് മൂന്നു വർഷത്തെ ദൈർഘ്യമുണ്ട്. മന്ത്രിമാരുയർത്തിയ നുണകളുടെ ചീട്ടുകൊട്ടാരം തകർന്നടിഞ്ഞപ്പോഴാണ് ഒടുവിൽ ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ ഉപകരാർ റദ്ദാക്കിയത്. യഥാർത്ഥത്തിൽ കെ.എസ്.ഐ.ഡി സിയുമായി ഇ.എം.സി
സി ഉണ്ടാക്കിയ കരാറിന്റെ ഉപകരാർ മാത്രമായിരുന്നു അത്. പ്രധാന ധാരണാപത്രം ഇപ്പോഴും നിലനിൽക്കുന്നു.

സമാനതകളില്ലാത്ത ചതിയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളോട് സർക്കാരും മന്ത്രി മേഴ്സിക്കുട്ടിയമ്മയും ചെയ്തത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിടാൻ അമേരിക്കയിൽ വച്ച് ധാരണയുണ്ടാക്കിയ മന്ത്രിയാണ്‌
മേഴ്സികുട്ടിയമ്മ. ഇതിനെല്ലാം നേതൃത്വം കൊടുത്തത്‌ വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയുമാണ്‌. തട്ടിപ്പ് പിടിക്കപ്പെട്ടിട്ടും അവസാനനിമിഷം വരെ നുണ കൊണ്ട് തങ്ങളുടെ നിക്ഷിപ്ത താല്പര്യം സംരക്ഷിക്കാമെന്ന് കരുതിയവരാണ് അവർ. ഏത് നിമിഷവും പുനരാരംഭിക്കാവുന്ന രീതിയിൽ പ്രധാന കരാർ നിലനിർത്തിക്കൊണ്ടാണ് ഇപ്പോൾ ഉപകരാർ റദ്ദ് ചെയ്തിരിക്കുന്നത്.

ലോകത്തിലെ വൻകിട കമ്പനികളും, ഓൺലൈൻ ഭക്ഷ്യമാർക്കറ്റിങ് കമ്പനികളും ഇ.എം.സി.സിക്ക് പിന്നിൽ ഉണ്ടെന്നാണ് മനസിലാക്കുന്നത്. മത്സ്യനയത്തിലെ തിരുത്തലുകളെത്തുടർന്ന് ഇവർക്ക് വാതിലുകൾ തുറന്നുകൊടുക്കപ്പെടുകയാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ വെറും കൂലിക്കാരാക്കി മാറ്റി കോടികൾ കൊയ്യാനുള്ള ഗൂഡാലോചനയാണ് ഇത്.

ഈ വഞ്ചനയ്ക്കെതിരേ കേരളത്തിലുടനീളം മത്സ്യത്തൊഴിലാളികളെ അണിനിരത്തി കൊണ്ട്‌ ശക്തമായ സമര പരിപാടികൾ നടത്തും. 27 ന് മത്സ്യത്തൊഴിലാളികൾ നടത്തുന്ന ഹർത്താലിന് യു.ഡി.എഫ് പിന്തുണ നൽകും. പിണറായി സർക്കാരിന്റെ വഞ്ചനയ്ക്കെതിരേ തീരദേശ പ്രചരണ ജാഥയ്ക്ക് യു.ഡി.എഫ് നേതൃത്വം നല്കും.