പല്ലും നഖവും പറിച്ച് ലോകായുക്തയെ സര്‍ക്കാര്‍ ഉപദേശക സമിതിയാക്കി: കുഞ്ഞാലിക്കുട്ടി

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനെന്‍സില്‍ ഒപ്പുവെച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ പികെ കുഞ്ഞാലിക്കുട്ടി. പല്ലും നഖവും പറിച്ചു കളഞ്ഞു ലോകായുക്തയെ ഉപദേശക സമിതിയാക്കി സര്‍ക്കാര്‍ മാറ്റിയെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ നാട്ടുകാര്‍ക്കുണ്ടായ സംശയം പോലും ഉണ്ടാകാതിരുന്ന ഗവര്‍ണറോട് സഹതപിക്കാനേ കഴിയൂ. ലോകായുക്തയെ സര്‍ക്കാര്‍ ഒരു ഉപദേശക സമിതിയാക്കിയാണ് മാറ്റിയിരിക്കുന്നത്. സിപിഐയുടെ എതിര്‍പ്പ് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ നിയമസഭയില്‍ പ്രകടിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലോകായുക്ത സംവിധാനം കൊണ്ട് ഇനി വലിയ കാര്യമില്ല. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ലോകായുക്തക്ക് അധികാരം തിരിച്ചു നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചതോടെ കേരളത്തില്‍ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അഴിമതിക്ക് വെള്ളവും വളവും കൊടുത്ത മുഖ്യമന്ത്രിയായി പിണറായി മാറി. ലോകായുക്ത ഇനി കുരയ്ക്കും, കടിക്കില്ലെന്ന് ഉറപ്പു വരുത്തിയെന്നും വി.ഡി.സതീശന്‍ പരിഹസിച്ചു.