തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ പിൻവലിച്ചു

തിരുവനന്തപുരം നഗരത്തിൽ നിലവിലുണ്ടായിരുന്ന ലോക്ക് ഡൗണ്‍ പിൻവലിച്ചു. അതേസമയം നിയന്ത്രിത മേഖലകളിൽ ഇളവുകൾ ഉണ്ടാകില്ല. ലോക്ക് ഡൗണ്‍ പിൻവലിച്ച സാഹചര്യത്തിൽ എല്ലാ കടകൾക്കും രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം. ബാർബർ ഷോപ്പുകൾ, മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയും തുറക്കാം.

ഹോട്ടലുകൾക്ക് രാത്രി 9 വരെയാണ് പ്രവർത്തനാനുമതി. എന്നാൽ പാഴ്സൽ മാത്രമേ അനുവദിക്കുകയുളളൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കായികപരിശീലനങ്ങൾ ആരംഭിക്കാനും അനുമതിയുണ്ട്. കഴിഞ്ഞ മാസം ആറ് മുതലായിരുന്നു തിരുവനന്തപുരം നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

എന്നാൽ ഒരു മാസത്തിലേറെ ലോക്ക് ഡൗൺ ഉണ്ടായിരുന്നിട്ടും കോവിഡ് വ്യാപനത്തിൽ ശമനം ഉണ്ടായിട്ടില്ല. തിരുവനന്തപുരത്ത് ഇന്ന് 310 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 300 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.