പാലക്കാട് പുലി ഇറങ്ങിയതായി നാട്ടുകാര്‍, വനംവകുപ്പ് സ്ഥലത്ത് എത്തി

പാലക്കാട് ജനവാസമേഖലയില്‍ പുലി ഇറങ്ങിയെന്ന് നാട്ടുകാര്‍. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് പുലിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയത്. മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ പരാതിപ്പെട്ടത്. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

കുറച്ച് ദിവസങ്ങളായി സ്ഥലത്ത് പുലി ഇറങ്ങുന്നുണ്ടെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പല വീടുകളിലെയും ആടുകളെ കാണാതായിരുന്നു. കഴിഞ്ഞ ദിവസം ആടുകളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുലി ഇറങ്ങിയതായി നാട്ടുകാര്‍ സംശയിച്ചത്. ഇന്നലെയാണ് പുലിയുടെ കാല്‍പ്പാടുകളും ശ്രദ്ധയില്‍ പെട്ടിരുന്നു. ഉടനെ ഫോറസ്റ്റ് ഓഫീസിലെത്തി ഡിഎഫ്ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. സ്ഥലം സന്ദര്‍ശിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാനാണ് തീരുമാനം.

കഴിഞ്ഞ രണ്ട് മാസത്തോളമായി തത്തേങ്ങലത്ത് മേഖലയില്‍ പുലി ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി വളര്‍ത്തുമൃഗങ്ങളെ ഇതുവരെ പുലി പിടിച്ചിട്ടുണ്ട്. പുലിയെ എത്രയും വേഗം പിടികൂടണമെന്നാണ് ആവശ്യം.

അതേസമയം വയനാട് കുറുക്കന്‍മൂലയില്‍ ഇറങ്ങിയ കടുവയെ 22 ദിവസമായിട്ടും വനം വകുപ്പിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കടുവയുടെ കാല്‍പ്പാട് കണ്ടെത്തിയതിന് പിന്നാലെ സ്ഥലത്ത് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. മയക്കുവെടി സംഘമടക്കം സ്ഥത്തെത്തിയട്ടുണ്ട്. കടുവ ഉള്‍വനത്തിലേക്ക് നീങ്ങിയതായാണ് തിരിച്ചില്‍ സംഘത്തിന്റെ നിഗമനം.