പത്തനംതിട്ടയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടി

പത്തനംതിട്ടയിലെ ആങ്ങമൂഴിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടി. ആങ്ങമൂഴി സ്വദേശിയായ സുരേഷിന്റെ വീട്ടിലെ തൊഴുത്തിനോട് ചേര്‍ന്നാണ് പുലിയെ കണ്ടെത്തിയത്. പരിക്കേറ്റ നിലയില്‍ ആയിരുന്ന പുലിയെ വനംവകുപ്പിന്റെ ഓഫീസിലേക്ക് മാറ്റി. ഒരു വയസില്‍ താഴെ പ്രായമുള്ള പുലിയാണെന്നാണ് പ്രാഥമിക നിഗമനം.

ആട്ടിന്‍ കൂടിന് സമീപം അവശനിലയില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം വലവിരിച്ച് പുലിയെ പിടികൂടുകയായിരുന്നു. പുലിക്ക് പരിക്ക് പറ്റിയതെങ്ങനെയെന്ന കാരണം വ്യക്തമല്ല. പുലി ആരെയും ആക്രമിക്കകയോ മറ്റ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല.
റാന്നി വനംവകുപ്പ് ഓഫീസില്‍ എത്തിച്ച പുലിയെ ഡോക്ടര്‍ പരിശോധനക്ക് വിധേയമാക്കും. പരിക്കുകള്‍ ഭേദമായതിന് ശേഷം മാത്രമായിരിക്കും പുലിയെ തിരികെ കാട്ടിലേക്ക് വിടുക.