കാട്ടക്കടയില്‍ മകളുടെ മുന്നില്‍ അച്ഛനെ മര്‍ദ്ദിച്ച സംഭവം ; ഒരാള്‍ കൂടി അറസ്റ്റില്‍

കാട്ടാക്കടയില്‍ മകളുടെ മുന്നില്‍ അച്ഛനെ മര്‍ദ്ദിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. നാലാം പ്രതി മെക്കാനിക്ക് അജികുമാറാണ് പിടിയിലായത്. ഇയാളെ പന്നിയോട് നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അഞ്ച് പ്രതികളുള്ള കേസില്‍ ഇതുവരെ പിടിയിലായത് രണ്ട് പേരാണ്. ഇന്നലെയാണ് രണ്ടാം പ്രതിയായ സെക്യൂരിറ്റി ജീവനക്കാരന്‍ സുരേഷ് കുമാറിനെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ അടക്കം ശേഖരിക്കാന്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കാട്ടാക്കട കോടതി തിങ്കളാഴ്ച പരിഗണിക്കും.

പ്രതിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. തെളിവായി കോടതിയിലുള്ള ദൃശ്യങ്ങളുമായി ഒത്തുനോക്കാന്‍ ഇയാളുടെ ശമ്പ്ദ സാമ്പിള്‍ എടുക്കേണ്ടതുണ്ട്. കേസില്‍ ഇനി മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്.

കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ഒളിവില്‍ കഴിയുന്ന പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.