കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി ദത്ത് നല്‍കിയ സംഭവം, അനുപമ വീണ്ടും സമരത്തിന്

 

തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി ദത്ത് നല്‍കിയ സംഭവത്തില്‍ അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് ഒരുങ്ങി അനുപമയും അജിത്തും. നിയമവിരുദ്ധമായി തന്നില്‍നിന്ന് അകറ്റിയ കുഞ്ഞിനെ തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതി ഓഫീസിന് മുന്നില്‍ ഇന്നുമുതല്‍ സമരം നടത്തും.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെയും, സിഡബ്ല്യുസി അദ്ധ്യക്ഷയെയും മാറ്റുക, കുഞ്ഞിനെ സര്‍ക്കാര്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍ നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അനുപമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആരോപണവിധേയരായ ഷിജുഖാന്‍ അടക്കമുള്ളവര്‍ സ്ഥാനത്ത് തുടരുന്നതിനാല്‍ കേസ് അന്വേഷണം അട്ടിമറക്കാനുള്ള സാദ്ധ്യതയുണ്ട്. നിലവില്‍ നടക്കുന്ന വകുപ്പുതല അന്വേഷണം കണ്ണില്‍ പൊടിയിടാനാണ്.

ആരോപണവിധേയരെ മാറ്റിനിര്‍ത്തി കൊണ്ടുള്ള അന്വേഷണം സര്‍ക്കാന്‍ പ്രഖ്യാപിക്കണം. ദത്ത് വിവാദത്തില്‍ സി.പി.എമ്മിന്റെ പാര്‍ട്ടിതല അന്വേഷണനവും നടന്നു വരികയാണ്. നടപടി ആവശ്യപ്പെട്ട് മുമ്പ് സെക്രട്ടേറിയറ്റ് പടിക്കലും അനുപമ സമരം ചെയ്തിരുന്നു.