ശ്രീനാഥ് ഭാസിക്ക് എതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

അവതാരകയെ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്ന് നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.

സംഭവം വിവാദമായതോടെ സിനിമാ നിര്‍മാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചര്‍ച്ചയില്‍ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാലാണ് പരാതി പിന്‍വലിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. പരാതി പിന്‍വലിക്കുകയാണെന്നു കാട്ടി കോടതിക്കു നല്‍കാനുള്ള ഹര്‍ജിയില്‍ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ഒപ്പിട്ടു നല്‍കി.

പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തില്‍, പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് അവര്‍ അറിയിച്ചതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകനും പറഞ്ഞു.

കഴിഞ്ഞ 21ന്, ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനു വേണ്ടി അഭിമുഖത്തിനിടെ നടന്‍ അവതാരകയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. എറണാകുളം മരട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. സ്റ്റേഷനില്‍ ഹാജരായ ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു.