ഔദ്യോഗികമായി പുറത്ത്, സജി ചെറിയാന്റെ രാജി ഗവര്‍ണര്‍ അംഗീകരിച്ചു

ഫിഷറീസ് – സാംസ്‌കാരിക മന്ത്രിയായിരുന്ന സജി ചെറിയാന്റെ രാജി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാര്‍ശ കേരള ഗവര്‍ണര്‍ അംഗീകരിച്ചു. ഇതോടെ ഔദ്യോഗികമായി സജി ചെറിയന്‍ മന്ത്രിസഭയ്ക്ക് പുറത്തായി. ഇനി ചെങ്ങന്നൂര്‍ എംഎല്‍എ എന്ന നിലയില്‍ അദ്ദേഹം തുടരും.

സജി ചെറിയാന്‍ രാജിവെച്ചെങ്കിലും പുതിയ മന്ത്രി വേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം. ഫിഷറീസ്, സാംസ്‌കാരിക വകുപ്പുകള്‍ കൂടി തല്‍ക്കാലം മുഖ്യമന്ത്രി നോക്കും.

മന്ത്രി സ്ഥാനം രാജിവെച്ചത് തന്റെ സ്വതന്ത്ര തീരുമാനമാണെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി തീരുമാനമെടുത്തത്. പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തു. ഭരണഘടനയെ അവഹേളിച്ചെന്ന പ്രചാരണം വേദനിപ്പിച്ചു. നിയമോപദേശം തേടിയ സാഹചര്യത്തില്‍ തുടരുന്നത് ശരിയല്ലെന്നും സജി ചെറിയാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

താന്‍ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിയമസഭയില്‍ വ്യക്തമാക്കിയതാണ്. ഞാനടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ നിയമപരമായും അല്ലാതെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസ്ഥാനം രാജിവെച്ച് ശേഷം വീട്ടില്‍ തിരിച്ചെത്തിയ സജി ചെറിയാനെ കെട്ടിപ്പിടിച്ച് ചുംബിച്ച് സ്വീകരിച്ച് മകള്‍. തന്റെ ഔദ്യോഗിക വാഹനമായ കേരള സര്‍ക്കാരിന്റെ കാര്‍ ഒഴിവാക്കിയാണ് സജി ചെറിയാന്‍ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലേക്ക് മടങ്ങിയത്. തൊട്ടുപിന്നാലെ മാവേലിക്കര എംഎല്‍എയും ഡിവൈഎഫ്ഐ നേതാവുമായ എന്‍ അരുണ്‍ സജി ചെറിയാനെ വസതിയിലെത്തി സന്ദര്‍ശിച്ചു.