ഉപതിരഞ്ഞെടുപ്പ് വിജയത്തിലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വാളയാര്‍ കേസിലെ വീഴ്ച

ഇന്ന് ആരംഭിക്കുന്ന നിയസഭാ സമ്മേളനത്തില്‍ വാളയാര്‍ കേസിലെ വീഴ്ച പ്രതിപക്ഷം ആയുധമാക്കുമെന്ന് ഇറപ്പായിരിക്കെ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ഭരണപക്ഷത്തിന് നന്നേ പാടുപെടേണ്ടി വരും. കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് തലയൂരാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ലൈംഗിക പീഡനത്തിന് ഇരയായ ചെറിയ പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തെ കുറിച്ചുളള പൊലീസ് അന്വേഷണത്തില്‍ വീഴ്ച വ്യക്തമായിരിക്കെ ഇതേ പൊലിസിനെ തന്നെ അന്വേഷണം ഏല്‍പ്പിക്കുന്നത് വിമര്‍ശനം ക്ഷണിച്ച് വരുത്തിയേക്കുമെന്ന് ആശങ്കയുണ്ട്. അന്വേഷണത്തിലെ വീഴ്ച പരിഹരിച്ച് കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പാലക്കാട് ജില്ല കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിലെ തിരച്ചടി മറയ്ക്കാനും സര്‍ക്കാരിന് എതിരെ ആഞ്ഞടിക്കാനും കിട്ടിയ വലിയ ആയുധമാണ് വാളയാര്‍ കേസിലെ വീഴ്ച. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കേസിലെ നാല് പ്രതികളെ പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടതാണ് ഇപ്പോഴത്തെ വിവാദത്തിന്റെ കാരണം. അപ്പീല്‍ പോകുന്നതിന് നിയമോപദേശം തേടുമെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി എസ്.സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ടൈങ്കിലും പ്രതികള്‍ തന്നെയാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കുന്നതില്‍ അന്വേഷണ സംഘത്തിന്റെ വീഴ്ച സുവ്യക്തമാണ്. മരിച്ച പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും അന്വേഷണം ആ നിലയ്ക്ക് മുന്നോട്ടു പോയില്ല. ഒറ്റ എഫ്.ഐ.ആര്‍ തയ്യാറാക്കി മുന്നോട്ടു പോയതിലും വീഴ്ച ആരോപിക്കുന്നുണ്ട്. കേസിലെ മൂന്നാം പ്രതിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാന്‍ ആയതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. പ്രതികളെല്ലാം കുറ്റ വിമുക്തരായതോടെ സംഭവം പാലക്കാട് മാത്രമല്ല സംസ്ഥാനമാകെ നിറയുന്ന രാഷ്ട്രീയവിഷയമായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുനരന്വേഷണം എന്ന പോംവഴി ആരായുന്നത്.

പുനരന്വേഷണത്തിന് ഒപ്പം അന്വേഷണത്തിലും കേസ് ജയിപ്പിക്കുന്നതിലും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. ആദ്യം പ്രതിപക്ഷം ഉന്നയിച്ച ആവശ്യം ഇപ്പോള്‍ ഭരണാനുൂകൂല സംഘടനകളും ആവര്‍ത്തിക്കുകയാണ്. സി.പി.എം പാലക്കാട് ജില്ലാ നേതൃത്വവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനവും സി.പി.ഐയുടെ വിദ്യാര്‍ത്ഥി  സംഘടനയായ എ.ഐ.എസ് എഫും ഈ ആവശ്യം പരസ്യമായി ഉന്നയിച്ച് കഴിഞ്ഞു. കുറ്റം തെളിയിക്കുന്നതില്‍ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയോ എന്ന് റേഞ്ച് ഡി.ഐ.ജിയും പ്രോസിക്യൂഷന്‍ ഭാഗത്ത് വീഴ്ചകളുണ്ടായോ എന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അന്വേഷിച്ചു വരികയാണ്.ഇവരുടെ രണ്ടുപേരുടെയും റിപ്പോര്‍ട്ട് ലഭിച്ച ശേഷം വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. വിഷയം നിയമസഭയില്‍ വരികയാണെങ്കില്‍ നടപടി പ്രഖ്യാപനം അവിടെ തന്നെ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ജിഷയുടെ കൊലപാതക കേസില്‍ പ്രതിയെ പിടികൂടാന്‍ വൈകിയത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാക്കി അധികാരത്തിലേറിയ സര്‍ക്കാര്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരുടെ ദൂരൂഹമരണത്തെ കുറിച്ചുളള അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന ആക്ഷേപമാണ് ഇപ്പോള്‍ നേരിടുന്നത്. ഉപതിരഞ്ഞെടുപ്പിലെ വിജയത്തിളക്കത്തിനിടെ വന്നു ചേര്‍ന്ന ഈ ആക്ഷേപം ഭരണത്തുടര്‍ച്ച ലക്ഷ്യം വെയ്ക്കുന്ന സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ പോന്നതാണ്. അതുകൊണ്ടു തന്നെ പുനരന്വേഷണവും നടപടികളും പ്രഖ്യാപിച്ച് എത്രയും വേഗം വിവാദം അവസാനിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.