പ്രളയത്തിനു ശേഷം സംസ്ഥാനത്തെ അണക്കെട്ടുകളില്‍ വന്‍തോതില്‍ അടിഞ്ഞു കൂടിയ മണലും ചെളിയും നീക്കുന്നതിന് ടെണ്ടര്‍ വിളിക്കാന്‍ ഉത്തരവായി

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ നിന്നും മണലും ചെളിയും നീക്കം ചെയ്യാന്‍ ടെണ്ടര്‍ വിളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. അണക്കെട്ടുകളില്‍ പാലക്കാട് ജില്ലയിലെ മംഗലം ഡാമില്‍ നിന്നാണ് ആദ്യം മണല്‍ വാരുന്നത്. മണലും ചെളിയും നീക്കം ചെയ്യാന്‍ “ടേണ്‍കി” വ്യവസ്ഥയില്‍ കരാര്‍ നല്‍കാനാണ് തീരുമാനം. രണ്ട് ഘട്ടമായുളള ടെണ്ടര്‍ നടപടികളില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി കരാര്‍ നല്‍കണമെന്നാണ് ഉത്തരവ്. ഭാരതപ്പുഴ ഉള്‍പ്പെടെയുളള പ്രധാന നദികളിലെ 6 റെഗുലേറ്ററുകളിലും ചെക്ക് ഡാമുകളിലും അടിഞ്ഞു കൂടിയിരിക്കുന്ന മണലും ചെളിയും നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനും ടെണ്ടര്‍ വിളിക്കാനാണ് തീരുമാനം. മണല്‍ വാരല്‍ പൂര്‍ണതോതില്‍ നടപ്പായാല്‍ 200 കോടിയുടെ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജലവിഭവ വകുപ്പാണ് അണക്കെട്ടുകളില്‍ നിന്ന് മണല്‍ വാരാന്‍ പദ്ധതി തയാറാക്കിയത്. ചീഫ്‌സെക്രട്ടറി അദ്ധ്യക്ഷനായ ഹൈപവര്‍ കമ്മിറ്റിയാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. ആദ്യം ചുളളിയാര്‍ ഡാമില്‍ നിന്ന് മണല്‍ വാരാനായിരുന്നു തീരുമാനം എങ്കിലും സര്‍ക്കാരിലേക്ക് തടുക്കത്തിലേ വരുമാനം വരുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുളള പദ്ധതി എന്നനിലയ്ക്ക് മംഗലം ഡാമിനെ തിരഞ്ഞെടുക്കുകയായിരുന്നു. മണല്‍ വാരലിനും ടെണ്ടര്‍ നടപടികള്‍ക്കുമായി പത്ത് വ്യവസ്ഥകളോടെയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

വാരിയെടുക്കുന്ന മണലിന്റെയും ചെളിയുടെയും അളവായിരിക്കും കണക്കാക്കിയായിരിക്കും തുക നിശ്ചയിക്കുക എന്നതാണ് പ്രധാന വ്യവസ്ഥ.ലോഡ് അനുസരിച്ച് കണക്കാക്കിയാല്‍ തൂക്കത്തിന് വെയ്ബ്രിഡ്ജും മറ്റും ക്രമീകരിക്കുന്നത് അധികചെലവാകുമെന്ന കരുതലിലാണ് അളവ് മാനദണ്ഡമായി നിശ്ചയിച്ചത്. കരാര്‍ തുകയുടെ രണ്ട് ശതമാനം അല്ലെങ്കില്‍ 25 ലക്ഷം രൂപ കരാറുകാരനില്‍ നിന്നും മൂന്‍കൂറായി ഈടാക്കാന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയറെ ഉത്തരവ് അധികാരപ്പെടുത്തുന്നു.

പ്രളയത്തിന് ശേഷം വന്‍തോതില്‍ മണല്‍ അടിഞ്ഞുകൂടിയത് പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റെഗുലേറ്ററുകളില്‍ നിന്നും ചെക്ക് ഡാമുകളില്‍ നിന്നും മണല്‍ വാരാന്‍ തീരുമാനിച്ചത്. ഭാരതപ്പുഴയിലെ വെളളിയാംകല്ല് റെഗുലേറ്ററില്‍, അധികമണലിന്റെ സാന്നിദ്ധ്യം മൂലം വെളളമൊഴുക്ക് നിയന്ത്രിക്കാനാകാതെ വന്നത് വിവാദമായിരുന്നു. പ്രധാന റെഗുലേറ്ററുകളിലും ചെക്ക് ഡാമുകളിലുമായി ഏകദേശം 140000 ഘനമീറ്റര്‍ മണല്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. അണക്കെട്ടുകളിലേക്കാള്‍ മെച്ചപ്പെട്ട നിലവാരത്തിലുളള മണലാണ് റെഗുലേറ്ററിലേതെന്നാണ് അനുമാനം. അണക്കെട്ടിലെ മണലിന്റെ ആയിരം സാമ്പിള്‍ പരിശോധിച്ചപ്പോഴും ആറ്റുമണലിന്റെ നിലവാരമില്ലെന്നാണ് കണ്ടെത്തല്‍. വെളളിയാംകല്‍, പുറപ്പളളിക്കാവ്, മഞ്ഞുമ്മല്‍, ചങ്ങണംകടവ്, പൂക്കോട്ടുമണ്ണ എന്നീ റെഗുലേറ്ററുകളില്‍ നിന്നും ചെറുതുരുത്തി ചെക്ക് ഡാമില്‍ നിന്നുമാണ് മണല്‍ വാരുന്നത്.