സര്‍ക്കാര്‍ മതഭീകരവാദ സംഘടനകളെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുന്നു; പൊലീസിന് വീഴ്ചയുണ്ടായെന്ന് കെ. സുരേന്ദ്രന്‍

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസിന്റെ വീഴ്ചയാണ് കൊലപാതകത്തിന് കാരണം. മേലാമുറി വര്‍ഗീയ സംഘര്‍ഷമുണ്ടായ സ്ഥലമാണ്. അവിടെ പൊലീസ് സുരക്ഷ ഒരുക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു. സംസ്ഥാന സര്‍ക്കാരും പൊലീസും തീവ്രവാദ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുകയാണ്. ഒരു കേസിലും പ്രതിയാകാത്ത നിരപരാധിയായ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. തുടര്‍ക്കൊലപാതകങ്ങള്‍ ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്. പാലക്കാട്ടെ സംഭവം ആലപ്പുഴയുടെ ആവര്‍ത്തനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആര്‍എസ്എസ്സും പോപ്പുലര്‍ ഫ്രണ്ടും ഒരു പോലെയാണെന്ന് വരുത്തി തീര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അവര്‍ ജനാധിപത്യത്തെ മാനിക്കാത്ത ഭീകരവാദ സംഘടനയാണ്. എന്തുകൊണ്ടാണ് അവരെ നിരോധിക്കാന്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാലക്കാട് മേലാമുറിയില്‍ വച്ച് ആര്‍എസ്എസ് നേതാവിനെ അഞ്ചംഗ സംഘം വെട്ടിക്കൊന്നത്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ പാലക്കാട്ടെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. രണ്ട് ബൈക്കിലായെത്തിയ അഞ്ചംഗ അക്രമി സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. കടമുറിയില്‍ കയറി വെട്ടുകയായിരുന്നു. ശ്രീനിവാസന്റെ പോസ്റ്റ്മോര്‍ട്ടം നാളെ നടത്തും.

Read more

ഇന്നലെ ഉച്ചയ്ക്കാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈര്‍ എന്നയാള്‍ കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടിക്കൊലപ്പെടുത്തിയത്. സുബൈറിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു.