ഉത്സവ തിരക്കിനിടെ പെണ്‍കുട്ടികളെ ഉപദ്രവിച്ചു, അന്വേഷിക്കാൻ എത്തിയ പൊലീസിന് നേരെയും ആക്രമണം

കൊല്ലം കടയ്ക്കലില്‍ തിരുവാതിര ഉത്സവ തിരക്കിനിടയില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചയാളെ പൊലീസ് പിടികൂടി. പന്തളംമുക്ക് സ്വദേശിയായ കിട്ടു എന്നു വിളിക്കുന്ന വിപിനാണ് അറസ്റ്റിലായത്. പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെയും പ്രതി ആക്രമിച്ചു. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്റെ കാല് ഒടിഞ്ഞിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കടയ്ക്കല്‍ ദേവി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിനിടെയാണ് വിപിന്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. ഉത്സവ തിരക്കിനിടയില്‍ പെണ്‍കുട്ടികളെ കയറി പിടിക്കുകയായിരുന്നു. ശല്യം രൂക്ഷമായതോടെ പെണ്‍കുട്ടികള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു.

തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയ പൊലീസുകാരേയും പ്രതി ആക്രമിച്ചു. ഒരു ഉദ്യോഗസ്ഥന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. മണിയാര്‍ പൊലീസ് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ റോണി എബ്രഹാമിന്റെ ഇടത് കാലിന്റെ ചിരട്ട പൊട്ടുകയും, കാല്‍ ഒടിയുകയും ചെയ്തു. ഒടുവില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.

പരിക്കേറ്റ പൊലീസുകാരന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതിനും, പൊലീസുകാരെ ആക്രമിച്ചതിനുമാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.