മധുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് വീഴ്ച, പൊലീസിന് എതിരെ ആരോപണവുമായി കുടുംബം

അട്ടപ്പാടി മധു കൊലക്കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മധുവിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് പൊലീസിന്റെ വീഴ്ചയാണെന്ന് അവര്‍ പറഞ്ഞു. ഛര്‍ദ്ദിക്കാന്‍ വരുന്നു എന്ന് പറഞ്ഞതിനാലാണ് വാഹനം താവളത്ത് നിര്‍ത്തിയത്. എന്നാല്‍ താവളത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. കേസില്‍ പണം നല്‍കി സാക്ഷി മൊഴി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും കുടുംബം പറഞ്ഞു.

മധുവിനെ മുക്കാലിയില്‍ നിന്ന് പോയ സമയത്ത് പൊലീസ് ജീപ്പില്‍ വെച്ച് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മധുവിനെ ആരോ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. അസ്വസ്ഥതയൊന്നുമില്ലാതെ ജീപ്പില്‍ കയറിയ മധു എങ്ങനെ മരിച്ചുവെന്ന് മനസിലാകുന്നില്ല. മുക്കാലിയില്‍ നിന്ന് അഗളിയിലേക്ക് അരമണിക്കൂര്‍ മതിയെന്നിരിക്കെ ഒന്നേ കാല്‍ മണിക്കൂറാണ് യാത്രക്ക് എടുത്തത്.

ഇത് സംബന്ധിച്ച് പരിശോധന വേണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയില്‍ കുടുംബം പറഞ്ഞു. മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ പാറ ഗുഹയ്ക്കടുത്ത് മരം മുറി നടന്നിരുന്നതായി സംശയമുണ്ടെന്നും കുടുംബം വെളിപ്പെടുത്തി. മെഷീന്‍ കൊണ്ട് മരം മുറിക്കുന്ന ശബ്ദം കേട്ടു.

അതേസമയം സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കായി നാല് അഭിഭാഷകരുടെ പേരുകള്‍ നല്‍കിയട്ടുണ്ട്. സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമാണ് പേരുകള്‍ കൈമാറിയത്. അഭിഭാഷകരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് മധുവിന്റെ കുടുംബം പറഞ്ഞു.