പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല; കെ.പി.സി.സി 137 രൂപ ചലഞ്ച് അവസാനിച്ചു

കോണ്‍ഗ്രസിന്റെ 137ാം ജന്മദിനത്തിന്റെ ഭാഗമായി കെപിസിസി നടപ്പാക്കിയ 137രൂപ ചലഞ്ച് അവസാനിപ്പിച്ചു. ചലഞ്ചിലൂടെ അമ്പത് കോടി രൂപ സമാഹരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ചലഞ്ചിലൂടെ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ 28-നാണ് ചലഞ്ച് ആരംഭിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യസംഭാവന നല്‍കിയത്. ഡിജിറ്റലായും ക്യുആര്‍ കോഡിലൂടെയും പണം അടയ്ക്കാനുള്ള സൗകര്യം ചലഞ്ചില്‍ ഒരുക്കിയിരുന്നു. റിപ്പബ്ളിക് ദിനത്തില്‍ പദ്ധതി അവസാനിപ്പിക്കാനാണ് ആദ്യം താരുമാനിച്ചിരുന്നത്. പിന്നീട് ദണ്ഡിയാത്രയുടെ വാര്‍ഷികദിനമായ മാര്‍ച്ച് 12വരെ ചലഞ്ച് നീട്ടി. കോവിഡ് പ്രതിസന്ധി മൂലം ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി പദ്ധതിയുടെ കാലാവധി വീണ്ടും ഏപ്രില്‍ 30 വരെ നീട്ടുകയായിരുന്നു.

നേതൃനിരയിലുള്ളവരില്‍നിന്ന് 137 രൂപവീതം സമാഹരിക്കാനാണ് ആദ്യം കെപിസിസി നിര്‍ദ്ദേശം നല്‍കിയിരുന്നത്. നേതാക്കളില്‍ ഏറെപ്പേരും പണം നല്‍കിയതിനെ തുടര്‍ന്ന് ബൂത്ത് തലത്തിലേക്ക് ചലഞ്ച് വ്യാപിപ്പിച്ചു. രസീതില്ലാതെ പണപ്പിരിവ് നടത്തുന്നതിലെ ബുദ്ധിമുട്ടുകള്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയതോടെ മണ്ഡലം തലത്തില്‍ രസീത് തയ്യാറാക്കി പണം നല്‍കുന്നവര്‍ക്ക് കൊടുക്കാനും തുടങ്ങി.

തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സമാഹരണം പൂര്‍ത്തിയായി. ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകള്‍ ചലഞ്ചിലേക്കുള്ള പണമടയ്ക്കാന്‍ കെ.പി.സി.സി.യോട് സമയം നീട്ടിച്ചോദിച്ചിട്ടുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും കെ.പി.സി.സി.യിലും ബാങ്ക് അക്കൗണ്ടിലേക്കും ചലഞ്ചിലെ പണം എത്തിയിട്ടുണ്ട്. സമയം നീട്ടിനല്‍കിയ ജില്ലകളിലേതടക്കമുള്ള കണക്കുകള്‍ പരിശോധിച്ച് ലഭിച്ച തുക കണക്കാക്കാനുള്ള തയ്യാറെടുപ്പിലാണ് കെ.പി.സി.സി. ഐ.എന്‍.ടി.യു.സി. ഒരുകോടി പത്തുലക്ഷംരൂപയാണ് 137 രൂപ ചലഞ്ചിലേക്ക് നല്‍കിയത്. താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ചലഞ്ച് ഏറ്റെടുത്തില്ല. നേതൃത്വത്തിലെ അഭിപ്രായവ്യത്യാസങ്ങളും ദേശീയരാഷ്ട്രീയത്തില്‍ വന്ന മാറ്റങ്ങളും ചലഞ്ചിന് തിരിച്ചടിയായി.